കാസർകോട്: കളക്ടറേറ്റിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി ഇല്ലെന്നറിഞ്ഞതോടെ യു.ഡി.എഫ് ബഹിഷ്കരിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മൊഗ്രാൽ-പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ എന്നിവരാണ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ യു.ഡി.എഫിന്റെ ബഹിഷ്കരണ തീരുമാനം അറിഞ്ഞു യോഗത്തിനെത്തിയില്ല.
മന്ത്രി ഇ. ചന്ദശേഖരൻ പങ്കെടുക്കുമെന്ന് അറിഞ്ഞാണ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കാനെത്തിയത്. കളക്ടറുടെ അധ്യക്ഷതയിൽ യോഗം തുടങ്ങാൻ തീരുമാനിച്ചതോടെ കളക്ടറോട് തങ്ങൾക്കൊന്നും പറയാനില്ലെന്ന് അറിയിച്ചാണ് എം.പിയും എം.എൽ.എയും ഇറങ്ങിപ്പോയത്.
എല്ലാ ബുധനാഴ്ചയും ജില്ലാ ഭരണകൂടം ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. ജില്ലയിലെ നിലവിലുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനും കൊവിഡ് രോഗ വ്യാപനവും രോഗ പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനുമാണ് യോഗം വിളിക്കുന്നതെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞിരുന്നു.
'ഞങ്ങൾക്ക് മന്ത്രിയോടാണ് കാര്യങ്ങൾ പറയാൻ ഉള്ളത്. അത് കേൾക്കാൻ മാസത്തിൽ ഒരു യോഗത്തിൽ എങ്കിലും അദ്ദേഹം പങ്കെടുക്കേണ്ടതല്ലേ..' എന്നാണ് ബഹിഷ്‌കരണം സംബന്ധിച്ച് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പ്രതികരിച്ചത്. കളക്ടർ എടുക്കുന്ന പല തീരുമാനങ്ങളും ശരിയല്ലെന്നും അന്യസംസ്ഥാനങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ ജില്ലയിൽ എത്തിക്കാൻ കളക്ടർ പാസ് കൊടുക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് മന്ത്രിക്കും സർക്കാരിനും യു.ഡി.എഫ് കത്ത് നൽകിയിരുന്നു. അതുകൊണ്ട് പരാതി കേൾക്കാൻ മന്ത്രി തന്നെ വേണമെന്നും എം.എൽ.എ പറഞ്ഞു. ഭരണപക്ഷ എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, നീലേശ്വരം നഗരസഭാ ചെയർമാൻ കെ.പി ജയരാജൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ തുടങ്ങിയവരും കാസർകോട് പൊലീസ് ചീഫ് ഡി. ശിൽപയും ഡി.എം.ഒ ഡോക്ടർ എ.വി രാംദാസും യോഗത്തിൽ പങ്കെടുത്തു.