.കണ്ണൂർ : കിടപ്പാടം പണയപ്പെടുത്തി ബാങ്ക് വായ്പ എടുത്ത് വീടു നിർമാണം പൂർത്തീകരിച്ച പല പട്ടികജാതി കുടുംബങ്ങളും ജപ്തി ഭീഷണിയിൽ. ലോക്ക് ഡൗണുമായി ബന്ധപെട്ടു ആഗസ്റ്റ് 31 വരെ വായ്പ തിരിച്ചടക്കുന്നതിനു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനു ശേഷം ജപ്തിയുണ്ടാകുമോയെന്ന ആശങ്കയിലാണ് പല കുടുംബങ്ങളും.
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ ഒഴികെയുള്ള പട്ടികജാതി കുടുംബങ്ങളുടെ 2020 മാർച്ച് വരെയുള്ള മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്ന് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാരികളോടാവശ്യപ്പെട്ടു. ലോക്ക് ഡൗൺ കാലയളവിൽ രണ്ടര മാസക്കാലം തൊഴിലും വരുമാനവുമില്ലാതെ ഏറ്റവുമധികം പ്രയാസപ്പെട്ടത് കൂലിവേലക്കാരായ ഭൂരിഭാഗം പട്ടികജാതിക്കാരാണ്. കേന്ദ്രസർക്കാരിന്റെ 20 ലക്ഷം കോടി സാമ്പത്തീക പാക്കേജിൽ ഇതിനാവശ്യമായ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി, ധനമന്ത്രി, കേരളത്തിലെ എം. പി. മാർ എന്നിവർക്ക് പി. കെ. എസ്. ലോക്കൽ കമ്മിറ്റി ഇമെയിൽ വഴി നിവേദനം നൽകിയിരുന്നെങ്കിലും പ്രസ്തുത പാക്കേജിൽ ഇത് അംഗീകരിച്ചിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പി. കെ. എസ് പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രാഘവൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വീണ്ടും നിവേദനം നൽകിയിട്ടുണ്ട്.