photo
മാട്ടൂൽ തെക്കുമ്പാട് ബോട്ട് സർവ്വീസ്

പഴയങ്ങാടി: മാട്ടൂലിനെ തെക്കുമ്പാട് തുരുത്തുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനായി ഇരുകര വാസികളും കാത്തിരിപ്പ് തുടങ്ങയിട്ട് വർഷങ്ങളായി. കുപ്പം -പഴയങ്ങാടി പുഴയ്ക്കും തെക്കുമ്പാട് പുഴയ്ക്കും ഇടയിലാണ് തെക്കുമ്പാട് തുരുത്ത്. കണ്ടൽക്കാടുകളാൽ സമൃദ്ധമാണ് പ്രദേശം. 2004ൽ പൊതുമരാമത്ത് വകുപ്പ് ചെറുകുന്ന് ആയിരംതെങ്ങ് വഴി തെക്കുമ്പാട് പാലം നിർമ്മിച്ചതോടെയാണ് നാട്ടുകാർക്ക് റോഡ് മാർഗം തുറന്നത്.

നേരത്തെ നൂറിൽ താഴെ മാത്രം കുടുംബങ്ങൾ ഉണ്ടായിരുന്ന തെക്കുമ്പാട് തുരുത്തിൽ ഇന്ന് അഞ്ഞൂറിലേറെ കുടുംബങ്ങൾ കഴിയുന്നുണ്ട്. തെക്കുമ്പാടിലും മാട്ടൂലിലും ഇരുകരകളിലായി താമസിക്കുന്നവരിലേറെയും ബന്ധുമിത്രാദികളാണ്. ഇരുദേശങ്ങളുമായി ബന്ധപ്പെടാനുള്ള ഏകമാർഗം മാട്ടൂൽ പഞ്ചായത്ത് നടത്തുന്ന മാട്ടൂൽ -തെക്കുമ്പാട് ബോട്ട് സർവ്വീസും. ഇതിനൊരു മാറ്റമാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.

മാട്ടൂൽ പഞ്ചായത്ത് തൂക്കുപ്പാലം എന്ന ആശയവുമായി സർക്കാരിന് മുന്നിൽ അപേക്ഷ നല്കി ആറ് വർഷം കഴിഞ്ഞു. എന്നാൽ ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. 250 മീറ്റർ നീളമുള്ള കടവിന് കോൺക്രീറ്റ് പാലം അല്ലെങ്കിൽ തൂക്കുപാലം നിർമ്മിക്കണമെന്ന ആവശ്യമാണ് ഇരുപ്രദേശത്തെയും ജനങ്ങൾക്കുള്ളത്.

തോന്നിയ പോലെ സർവീസ്

യാതൊരു വ്യവസ്ഥയുമില്ലാതെയാണ് ഇവിടെ ബോട്ട് സർവ്വീസെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെയും വൈകീട്ടും മാത്രമാണ് സർവ്വീസ്. മുമ്പ് കടത്ത് വള്ളമുണ്ടായിരുന്നിടതാണ് ഇന്ന് ബോട്ട് സർവ്വീസ്. നേരത്തെ കണ്ണൂരിലേക്ക് എളുപ്പത്തിൽ എത്തുവാൻ മാട്ടൂലിൽ ഉള്ളവർ ഈ കടവിലൂടെ കടന്നാണ് പോയി കൊണ്ടിരുന്നത്. 2014ൽ മാട്ടൂൽ -മടക്കര പാലം യാഥാർത്ഥ്യമായതോടെ ഇവർ റോഡ് മാർഗം കണ്ണൂരിലെത്തിത്തുടങ്ങി.

എന്നാൽ തെക്കുമ്പാടുകാർക്ക് ഇത് തിരിച്ചടിയായി. ആളുകൾ കുറഞ്ഞതോടെ തെക്കുമ്പാട് പ്രദേശത്തേക്കുള്ള ബോട്ട് സർവ്വീസ് കുറഞ്ഞു.

പഠനം വെള്ളത്തിലാകും

യാത്രക്കാരുടെ കുറവ് മൂലം ബോട്ട് സർവ്വീസ് നഷ്ടക്കച്ചവടമായി പഞ്ചായത്തിൽ നിന്ന് കരാർ വ്യവസ്ഥയിൽ സർവ്വീസ് നടത്തുന്ന കരാറുകാരൻ ഇതിൽ നിന്നും പിന്തിരിയുവാനുള്ള ഒരുക്കത്തിലാണ്. എൽ.പി സ്‌കൂൾ മുതൽ ഹയർസെക്കൻഡറി സ്‌കൂൾ തലം വരെയുള്ള തെക്കുമ്പാട്ടെ നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠനം നടത്തുന്നത് മാട്ടൂലിലെ സ്‌കൂളുകളിലാണ്. ബോട്ട് സർവ്വീസ് ഇല്ലാതായാൽ ഇവരുടെ പഠിപ്പും അവതാളത്തിലാകുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. ഈ അവസരത്തിലാണ് മാട്ടൂൽ പഞ്ചായത്ത് തൂക്കുപ്പാലം എന്ന ആശയവുമായി സർക്കാരിന് മുന്നിൽ അപേക്ഷയുമായി ചെന്നത്.

തെക്കുമ്പാട് നിവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി 2014ൽ തന്നെ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. വിദ്യാർത്ഥികൾ അടക്കമുള്ള തെക്കുമ്പാട് നിവാസികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി തൂക്കുപാലം നിർമ്മിക്കേണ്ടതുണ്ട്.


കെ.വി മുഹമ്മദ് അലി ഹാജി
മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌