പയ്യാവൂർ: മലയോര ഹൈവേയ്ക്ക് സമീപം വെമ്പുവയിലെ ഇരുനില വീടിനു തീപിടിച്ചു. വെള്ളംകുന്നേൽ ജോർജ്ജ് ജോസഫിന്റെ വീടിനാണ് ബുധനാഴ്ച രാവിലെ 8 മണിയോടെ തീപിടിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ കെടുത്താൻ ശ്രമിച്ചുവെങ്കിലും സാധിക്കാതെ വന്നതോടെ ഇരിട്ടി അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

വീടിന്റെ രണ്ടാം നിലയിലെ ബെഡ്റൂമിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പ്രായമായ ദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ ഉണ്ടായിരുന്നത്. റൂമിലുണ്ടായിരുന്ന അലമാര, കട്ടിൽ, മറ്റ് ഫർണ്ണിച്ചറുകൾ എല്ലാം കത്തി നശിച്ചു. ഒരു ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സംഭവമറിഞ്ഞ് പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. മോഹനൻ, സീനിയർ ഫയർ ഓഫീസർ സുരേന്ദ്രബാബു, വി.വി. ബെന്നി, ഫയർമാന്മാരായ കെ.വി. വിജീഷ്, റോബിൻ, ആദർശ്, ഫയർമാൻ ഡ്രൈവർ ഓഫീസർ അനു തുടങ്ങിയവർ പങ്കെടുത്തു.