patttuvo
പട്ടുവം റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് മാറ്റിസ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചപ്പോൾ

പട്ടുവം: തളിപ്പറമ്പ് -പട്ടുവം റോഡിൽ പി.ഡബ്‌ള്യു.ഡിയുമായുള്ള തർക്കത്തെ തുടർന്ന് മാറിനിന്ന വാട്ടർ അതോറിറ്റി ഒടുവിൽ പൈപ്പ് മാറ്റിസ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു. കുഞ്ഞിമുറ്റം ബസ് സ്റ്റോപ്പിനടുത്ത് സ്വകാര്യ നഴ്‌സിംഗ് കോളേജിന് മുന്നിലായി റോഡ് നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടിയ ഭാഗത്താണ് പ്രവൃത്തി ആരംഭിച്ചത്.
പൈപ്പ് പൊട്ടി ശുദ്ധജലം തടസപ്പെട്ടപ്പോൾ വാട്ടർ അതോറിറ്റി താൽക്കാലികമായി ശരിയാക്കി മുങ്ങുകയായിരുന്നു. റോഡിന് പുറത്തായ പൈപ്പ് മാറ്റിസ്ഥാപിക്കാൻ റോഡ് പ്രവൃത്തി നടത്തിയ പി.ഡബ്‌ള്യു.ഡി നഷ്ടപരിഹാരം നല്കണമെന്ന നിലപാടിലായിരുന്നു അവർ.എന്നാൽ പി.ഡബ്‌ള്യു.ഡി തങ്ങളുടെ സ്ഥലത്ത് സ്ഥാപിച്ച പൈപ്പ് പൊട്ടിയാൽ അതിന്റെ നഷ്ടം വാട്ടർ അതോറിറ്റി തന്നെയാണ് സഹിക്കേണ്ടതെന്ന നിലപാടിൽ ഉറച്ചുനിന്നു. തർക്കം കാരണം റോഡ് പ്രവൃത്തിയും നീണ്ടു. ഒടുവിൽ മഴയ്ക്കുമുമ്പെ പ്രവൃത്തി പൂർത്തിയാക്കാൻ പി.ഡബ്‌ള്യു.ഡി പൈപ്പ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഒഴിവാക്കി ടാറിംഗ് നടത്തുകയായിരുന്നു. ഇതോടെ വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാനും നിർബന്ധിതരായി. 40 മീറ്റർ സ്ഥലത്തെ പൈപ്പ് ലൈൻ മണ്ണിനടിയിലാക്കാൻ പി.ഡബ്‌ള്യു.ഡി നേരത്തെ ശ്രമിച്ചിരുന്നു. ശക്തമായ പാറയായത് കാരണം പിന്നീട് അവർ ശ്രമം ഉപേക്ഷിച്ചു.