കാഞ്ഞങ്ങാട്: രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു മെട്രൊ മുഹമ്മദ് ഹാജി. കാഞ്ഞങ്ങാട്ടു നിന്നും ഗൾഫിലെത്തി അവിടെ വ്യാപാര സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹം നാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസമായിരുന്നു.
കാസർകോടിന്റെ മതേതര മൂല്യങ്ങൾ മുറുകെ പിടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും ഒടുവിൽ പെരിയ കല്ല്യോട്ടുനടന്ന പെരുങ്കളിയാട്ടത്തിന്റെ രക്ഷാധികാരികളിൽ ഒരാളായിരുന്നു അദ്ദേഹം. 2005 ൽ കാഞ്ഞങ്ങാട്ട് ഉടലെടുത്ത് വർഗ്ഗീയ കലാപം അമർച്ച ചെയ്യാൻ പൊലീസിനേക്കാളും മുന്നിൽ നിന്ന് പ്രവർത്തിച്ചത് സംയുക്ത ജമാ അത്തും മെട്രൊ മുഹമ്മദ് ഹാജിയുമാണ്.
നാട്ടിൽ സമാധാനം പുനസ്ഥാപിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച അദ്ദേഹത്തെ പിന്നീടുള്ള സമാധാന യോഗത്തിൽ ഉദ്യാഗസ്ഥർ പ്രത്യേകം അഭിനന്ദിച്ചിരുന്നു. സംയുക്ത ജമാഅത്തിന്റെ പ്രസിഡന്റായി വർഷങ്ങളായി അദ്ദേഹം തുടരുകയാണ്. ഇതോടൊപ്പം തന്നെ കാഞ്ഞങ്ങാടും അജാനൂരിലുമുള്ള നിരവധി മത സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധിപനുമാണ്.
പാണക്കാട് കൊടപനയ്ക്കൽ തറവാടുമായി വലിയ ആത്മബന്ധം മെട്രൊ മുഹമ്മദ് ഹാജിക്ക് ഉണ്ടായിരുന്നു. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവരുമായി വളരെ അടുപ്പം പുലർത്തി. പരേതനായ ഉഡുപ്പി പേജവാർ മഠാധിപതി ശ്രീ വിശ്വേശ്വര തീർത്ഥ ഉൾപ്പെടെയുള്ള ഇതര മത ആത്മീയ നേതാക്കളുമായി അദ്ദേഹത്തിന് ഏറേ ആത്മ ബന്ധമുണ്ടായിരുന്നു.