കണ്ണൂർ: കൊവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ വർദ്ധിപ്പിച്ച അധിക നിരക്ക് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങാത്തതിനാൽ ജില്ലയിൽ സ്വകാര്യ ബസ് സർവീസ് പേരിലൊതുങ്ങി. ഇതോടെ യാത്രക്കാരുടെ ദുരിതം പറഞ്ഞറിയിക്കാൻ വയ്യാത്ത സ്ഥിതിയിലായി.സർക്കാർ നിർദേശമില്ലാതെ വർദ്ധിപ്പിച്ച ചാർജ് ഈടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭൂരിപക്ഷം ബസുകളും ഇന്നലെ നിരത്തിലിറങ്ങാതിരുന്നത്.

അതിനിടെ കൂടിയ നിരക്ക് പുനഃസ്ഥാപിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കുമെന്നറിയുന്നു.പഴയ നിരക്കിലാണ് (മിനിമം എട്ടുരൂപ) ഇന്നലെയും സ്വകാര്യ ബസുകൾ സർവീസ് നടത്തിയത്.

ഹൈക്കോടതി ഉത്തരവ് അംഗീകരിച്ചാൽ ബസ് ചാർജ് നിരക്കുകളിൽ വൻ മാറ്റം വരും. മിനിമം ചാർജ് 12 രൂപയാകും. അഞ്ചുകിലോമീറ്റർ വരെയാണ് മിനിമം ചാർജ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വർധിക്കും. നിലവിൽ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് ഇപ്പോഴത്തെ 10 രൂപ ചാർജ് 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വർധിക്കും. വിദ്യാർത്ഥികളടക്കം ബസ് ചാർജിൽ ഇളവുള്ളവർ നിരക്കിന്റെ പകുതി നൽകണം.

അധികനിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് നാലാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്തുമ്പോൾ പ്രതിദിനം 2500 രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്

രാജ് കുമാർ കരുവാരത്ത്

ജനറൽ സെക്രട്ടറി

ജില്ലാ ബസ് ഉടമസ്ഥസംഘം