തളിപ്പറമ്പ്: ഏഴുവയസുകാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ ജില്ലയിലെ ഒടയാർപാളയം താലൂക്കിൽപെട്ട കല്ലത്തൂരിലെ എ. വേലുസാമിയെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. കുട്ടിയെ രക്തം വാർന്നൊഴുകിയ നിലയിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചൈൽഡ്‌ലൈനിന്റെ പരാതിപ്രകാരമാണ് കേസ്. കാക്കാഞ്ചാലിൽ വാടക ക്വാർട്ടേഴ്സിലാണ് ഇയാളുടെ താമസം.
വേദനകൊണ്ട് നിലവിളിച്ച കുട്ടിയെ മാതാവാണ് ആശുപത്രിയിൽ കൊണ്ടുപോയത്. മുൻ വാർഡ് കൗൺസിലറും കോൺഗ്രസ് നേതാവുമായ സി.സി.ശ്രീധരന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി പൊലീസിലേൽപ്പിച്ചത്. രാത്രി സ്റ്റേഷനിലെത്തി മാതാവ് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും വിട്ടയക്കുകയായിരുന്നുവെന്ന പരാതിയുമുണ്ട്. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പിന്നീടാണ് ചൈൽഡ്‌ലൈൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതി നൽകിയത്.