കൂത്തുപറമ്പ്: ടൗണിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളുടെ തോട്ടം കണ്ടെത്തി നശിപ്പിച്ചു. സ്റ്റേഡിയത്തിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന് പിന്നിൽ നട്ടുവളർത്തിയ നിലായിലായിരുന്നു നൂറോളം കഞ്ചാവ് ചെടികൾ. സംഭവത്തിൽ ആസം സ്വദേശി കുർഷിദ് ആലത്തെ (40) എക്സൈസ് അറസ്റ്റ് ചെയ്തു.

എക്സൈസ് കമ്മിഷണർ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള കഞ്ചാവ് കൃഷി കണ്ടെത്തിയത്. പൊലീസ് ക്വാർട്ടേഴ്സിനു സമീപത്താണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ്. ഒരു മീറ്ററോളം ഉയരത്തിൽ വളർന്നു നിൽക്കുന്ന ചെടികൾക്ക് നാലു മാസത്തിലേറെ പ്രായമുണ്ട്. ക്വാർട്ടേഴ്സിന് പിന്നിൽ കാട് പിടിച്ച് കിടന്നിരുന്ന സ്ഥലം ശുചീകരിച്ചാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നത്.

കൃത്യമായി പരിപാലിച്ചതിനാൽ സമൃദ്ധമായി വളർന്ന നിലയിലായിരുന്നു കഞ്ചാവ് ചെടികൾ. വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ചെടികൾ പരിശോധിച്ച ശേഷം നശിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സുരേഷ്, അസി. എക്സൈസ് കമ്മിഷണർ കെ.എസ്. ഷാജി, കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീശ് കുമാർ, ഇൻസ്പെക്ടർ കെ.പി. പ്രമോദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സുരേഷ് പറഞ്ഞു.

പുറത്ത് ജോലിക്ക് പോയിരുന്ന പ്രതിയെ സമർത്ഥമായാണ് എക്സൈസ് പിടികൂടിയത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.