കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീരാട്ടത്തിനുള്ള എണ്ണയും ഇളനീരുമായി പോകുന്ന സംഘം യാത്ര തിരിച്ചു. കൂത്തുപറമ്പിനടുത്ത എരുവട്ടിക്കാവ് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് വീരഭദ്ര വേഷധാരിയുടെ നേതൃത്വത്തിൽ എണ്ണയും ഇളനീരുകളും കൊട്ടിയൂരിൽ എത്തിക്കുന്നത്.

ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ക്ഷേത്രത്തിൽ നിന്നും എണ്ണയും ഇളനീരുമായി പോകുന്ന സംഘം കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്. ഒരാഴ്ച്ചയോളമായി വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയായിരുന്ന ഒൻപതംഗ സംഘം പ്രത്യേക ചടങ്ങുകൾക്ക് ശേഷം ഓംകാരമന്ത്രത്തിന്റെ അകമ്പടിയോടെയാണ് യാത്രയായത്.

വീരഭദ്ര വേഷധാരി അഞ്ഞൂറ്റാൻ സ്ഥാനികൾ വള്ള്യായി ശ്രീരാഗ്, എരുവട്ടി തണ്ടയാൻ തട്ടാരിയത്ത് രഞ്ചിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊട്ടിയൂരിലെത്തുക. തൃക്കൈക്കുട എഴുന്നള്ളിച്ച് പോകുന്ന സംഘത്തോടൊപ്പം ചെണ്ട, ചീനി, കുറുങ്കുഴൽ, വാക്ക എന്നി വാദ്യോപകരണങ്ങളുമായി കോട്ടയം പത്മനാഭൻ, എരുവട്ടി സഹജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും അകമ്പടി സേവിക്കുന്നുണ്ട്. കാൽനടയായി കൊട്ടിയൂരിലെത്തുന്ന സംഘം നാളെ വൈകിട്ടോടെ ക്ഷേത്രസന്നിധിയിലെത്തും. തുടർന്നാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീരാട്ടം നടക്കുക. അവസാനത്തെ ഇളനീരും പെരുമാളിന് മുന്നിൽ സമർപ്പിച്ച ശേഷമെ ഈസംഘം നാട്ടിലേക്ക് മടങ്ങുകയുള്ളു.

ഇളനീരാട്ടത്തിന്റെ ആദ്യാവസാന ഘട്ടം വരെയും വാദ്യോപകരണ സംഘവും സ്ഥലത്തുണ്ടാവും. എരുവട്ടിക്ഷേത്രം ഭാരവാഹികളായ ടി.കെ.കുഞ്ഞനന്തക്കുറുപ്പ്, പി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഇ.കെ. ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇളനീർ സംഘത്തെ യാത്രയയച്ചത്.