കണ്ണൂർ: ജില്ലയിൽ നാലു പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്ത് നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ വിമാനത്താവളം വഴി മേയ് 22ന് മസ്‌കറ്റിൽ നിന്ന് ഐഎക്സ് 714 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശികളായ (നിലവിൽ കൂത്തുപറമ്പ് താമസം) 70 കാരനും 58കാരിയും, ഇരിട്ടി സ്വദേശിയായ 27കാരി (നിലവിൽ വേങ്ങാട് താമസം), കരിപ്പൂർ വിമാനത്താവളം വഴി ജൂൺ ആറിന് മസ്‌കറ്റിൽ നിന്നെത്തിയ പാനൂർ സ്വദേശി 39കാരൻ എന്നിവർക്കാണ് രോഗബാധ.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 271 ആയി. ഇതിൽ 158 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ 12 പേർ ഇന്നലെയാണ് ഡിസ്ചാർജായത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന മട്ടന്നൂർ സ്വദേശി 24കാരൻ, ചേലോറ സ്വദേശി 41കാരൻ, തലശ്ശേരി സ്വദേശി 55കാരൻ, മുഴപ്പിലങ്ങാട് സ്വദേശി 38കാരൻ, കോട്ടയം മലബാർ സ്വദേശി 23കാരൻ, കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധർമ്മടം സ്വദേശികളായ 62കാരനും 42കാരനും, ചപ്പാരപ്പടവ് സ്വദേശി 39കാരൻ, പയ്യാമ്പലം സ്വദേശി 31കാരൻ, തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരിങ്ങത്തൂർ സ്വദേശികളായ 31കാരനും 61കാരനും ധർമ്മടം സ്വദേശി 27കാരി എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ജില്ലയിൽ 10390 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവരിൽ 181 പേർ ആശുപത്രിയിലും 10209 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 9413 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8927 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 8406 എണ്ണം നെഗറ്റീവാണ്. 486 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.