ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിൽ ഹോട്ട് സ്പോട്ടായി പ്രഖാപിച്ചിരുന്ന അഞ്ച് വാർഡുകളെയും ഇതിൽ നിന്നും ഒഴിവാക്കി. കരിക്കോട്ടക്കരി എടപ്പുഴ കോളനിയിലെ ആദിവാസി യുവതിക്ക് കൊവിഡ് ബാധ ഉണ്ടായി എന്ന റിപ്പോർട്ടിനെത്തുടർന്നാണ് പഞ്ചായത്തിലെ അഞ്ച് വാർഡുകൾ ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ലാബ് റിപ്പോർട്ടിലെ പിഴവ് മൂലം റിപ്പോർട്ട് തെറ്റായി വരുകയായിരുന്നു എന്ന് പിന്നീട് മനസ്സിലായെങ്കിലും അഞ്ച് വാർഡുകളും ഹോട്ട് സ്പോട്ടാക്കി തന്നെ നിയന്ത്രണങ്ങൾ തുടരുകയായിരുന്നു.

പ്രസവചികിത്സയ്ക്കായി കണ്ണൂർ ഗവ. ആശുപത്രിയിൽ എത്തിയ എടപ്പുഴ കോളനിയിലെ യുവതിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നത്. തുടർന്ന് ഇവരെ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും രോഗവ്യാപനം തടയാനുള്ള പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തു. അതിനിടയിലാണ് ലാബ് റിപ്പോർട്ടിലെ പിഴവാണ് ഫലം പോസിറ്റീവാകാൻ കാരണമെന്നു മനസ്സിലായത്. തുടർ പരിശോധനാ ഫലത്തിലും യുവതിക്കോ, നവജാത ശിശുവിനോ രോഗിക്കൊപ്പം സഹായികളായി നിന്നവർക്കോ കൊവിഡ് ബാധ ഇല്ലെന്നു കണ്ടെത്തി. കോളനിയിലെ മുപ്പതോളം പേരുടെ സ്രവവും പരിശോധനക്കയച്ചതിൽ എല്ലാം നെഗറ്റീവായിരുന്നു.

ഇതെല്ലാമായിട്ടും മേഖലയെ ഹോട്ട്സ്‌പോട്ടാക്കി നിർത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്നതിനിടെയാണ് ഇപ്പോൾ ജില്ലാ ഭരണകൂടം എല്ലാ നിയന്ത്രണങ്ങളും നീക്കിയത്.