കാസര്‍കോട്: യു.ഡി.എഫ്. ജനപ്രതിനിധികൾ യോഗത്തിൽ നിന്ന് വിട്ടു നിന്ന ശേഷം ഡി.സി.സി. ഓഫീസിൽ മാധ്യമ പ്രവർത്തകരെ കണ്ട രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും എൻ.എ നെല്ലിക്കുന്ന് എം.സി. ഖമറുദ്ദീൻ എന്നീ എം.എൽ.എമാരും ജില്ലാ കളക്ടർക്കെതിരെ തുറന്നടിച്ചു. കളക്ടർ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം നിലപാട് മാറ്റുന്നതുവരെ പ്രതിഷേധവും ബഹിഷ്‌കരണവും തുടരുമെന്നും അറിയിച്ചു. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുക്കുമെന്ന് കരുതി കളക്ടറെ കുറിച്ചുള്ള പരാതികൾ പറയാൻ ഞങ്ങൾ പോയിരുന്നു. എന്നാൽ യോഗത്തിൽ മന്ത്രി പങ്കെടുത്തില്ല. മന്ത്രിയുടെ അസാന്നിധ്യത്തിൽ പരാതി പറയുന്നതിൽ അർത്ഥമില്ലെന്ന് കരുതിയാണ് യോഗം ബഹിഷ്‌കരിച്ചതെന്നും എം.പിയും എം.എൽ.എമാരും പറഞ്ഞു.
സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി യു.ഡി.എഫ്. ജനപ്രതിനിധികൾ പൂർണ്ണമായും
സഹകരിക്കുന്നുണ്ട്. എന്നാൽ യു.ഡി.എഫിനെ വിശ്വാസത്തിൽ എടുക്കാതെ സ്വന്തം താത്പ്പര്യപ്രകാരമാണ് ജില്ലാ കളക്ടർ മുന്നോട്ട് പോകുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പ്പെടുത്താനും പരിഹാര നടപടികൾ കാണാനും വേണ്ടി ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന യു.ഡി.എഫിന്റെ നിർദ്ദേശം കളക്ടർ തള്ളിക്കളയുകയായിരുന്നുവെന്നും എം.പി. പറഞ്ഞു. യു.ഡി.എഫ് ജനപ്രതിനിധികൾ വിളിച്ചാൽ കളക്ടർ ഫോണെടുക്കാറില്ല. ജനപ്രതിനിധികൾ വിളിച്ചാൽ കളക്ടർ ഫോണെടുക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഭരണഘടനയെ കുറിച്ച് വ്യക്തമായി ധാരണയില്ലാതെയാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ.
രണ്ട് നാൾ മുമ്പ് കളക്ടറേറ്റിൽ നടന്ന രാഷ്ട്രീയ പാർട്ടിപ്രതിനിധികളുടെ യോഗത്തിൽ ഓരോ പാർട്ടിയുടെയും ഓരോ പ്രതിനിധികൾ മതിയെന്നാണ് കളക്ടർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ സി.പി.എമ്മിന്റെ രണ്ട് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തതിൽ നിന്ന് തന്നെ കളക്ടറുടെ രാഷ്ട്രീയ വിധേയത്വം പ്രകടമാണ്. ഇതര സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള പ്രദേശങ്ങളിൽ നിന്ന് കാസർകോട് ജില്ലയിലേക്ക് വരുന്ന മലയാളികളോട് ജില്ലാ ഭരണകൂടം കാണിച്ചത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്.
പാസ് നൽകുന്ന കാര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകിയ ഇളവുകളെ അട്ടിമറിച്ചുകൊണ്ട് പാസ് നൽകാതെ ഇതര സംസ്ഥാനത്തുള്ള മലയാളികളെ തടഞ്ഞുനിറുത്തുന്ന നിലപാടാണ് കളക്ടർ സ്വീകരിച്ചത്. ജില്ലാ കളക്ടറുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിൽ യു.ഡി.എഫ്. ജനപ്രതിനിധികൾക്ക് സന്തോഷമേ ഉള്ളൂ. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനം ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ആയിരിക്കണം. ഏകപക്ഷീയമായ നിലപാട് തിരുത്തിയാൽ കളക്ടറുമായി യോജിച്ചുപോകുന്നതിന് തങ്ങൾക്ക് പ്രശ്‌നമൊന്നുമില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു.