india

ന്യൂഡൽഹി: സമ്പത്തിൽ ലോകത്തെ ഒന്നാംകിട രാജ്യമായ അമേരിക്ക പോലും കൊവിഡ് വ്യാപനത്തിൽ പരിഭ്രാന്തരായി നിൽക്കുമ്പോൾ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം. 1.37 ലക്ഷം പേർ കൊവിഡ് ബാധിതരായി തുടരുന്ന രാജ്യത്ത് 1.40 ലക്ഷം പേരെ കൊവിഡ് മുക്തരാക്കി എന്നതാണ് നേട്ടം. കൊവിഡിനെ പരമാവധി അടിച്ചൊതുക്കാൻ ഇവിടെ ആരോഗ്യ സംവിധാനത്തിനും ഭരണകൂടത്തിനും സാധിക്കുന്നതിന് തെളിവാണ് ഈ കണക്കുകൾ.

രോഗ വ്യാപനം തീവ്രമായിരുന്ന ഗുജറാത്തും രാജസ്ഥാനുമാണ് രോഗമുക്തിയിൽ മുന്നിൽ. ഗുജറാത്തിൽ 87 ശതമാനം പേരും രാജസ്ഥാനിൽ 74 ശതമാനം പേരും ആശുപത്രി വിട്ടു. കൊവിഡ് രോഗ ബാധിതരിൽ ഒന്നാമതുള്ള മഹാരാഷ്ട്രയിൽ രോഗമുക്തർ 46.96 ശതമാനം മാത്രമാണ്. പ്രവാസികളുടെ ഇതര സംസ്ഥാനങ്ങളിലെയും വരവോടെ രോഗികൾ കൂടാൻ തുടങ്ങിയ കേരളത്തിൽ ഇപ്പോൾ 41.8 ശതമാനം രോഗികളാണ് ആണ് കൊവിഡ് മുക്തരായത്.

ആശുപത്രിയിൽ തുടരുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്താണ്. യു.എസ് (11.43 ലക്ഷം), ബ്രസീൽ (3.77 ലക്ഷം), റഷ്യ (2.34 ലക്ഷം) എന്നിവയാണ് ആദ്യ മൂന്നു രാജ്യങ്ങൾ. അതേസമയം ജനസംഖ്യയിൽ ഒന്നാമതും രോഗത്തിന്റെ പ്രഭവ കേന്ദ്രവുമായ ചൈന അതീജിവന പാതയിലാണ്.