കണ്ണൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഇന്നു രാവിലെ 11ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ കളക്ടർ ടി.വി സുഭാഷിന്റെ നേതൃത്വത്തിൽ നടക്കും. മാസങ്ങൾക്ക് മുമ്പ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലുണ്ടായ അബദ്ധം ആവർത്തിക്കാതിരിക്കാൻ കൗൺസിലർമാരെ റിസോർട്ടിൽ നിർത്തിയാണ് യു.ഡി.എഫ് ഒരുങ്ങുന്നത്.
കെ.കെ. രാഗേഷിനെതിരെയുണ്ടായ അവിശ്വാസപ്രമേയ ചർച്ചയിൽ മേയറും മറ്റ് കൗൺസിലർമാരും വൈകിയെത്തിയ സംഭവം ആവർത്തിക്കാതിരിക്കാനാണ് കൗൺസിലർമാരെ ഇന്നലെ വൈകിട്ടോടെ സുരക്ഷിതമായ റിസോർട്ടുകളിൽ എത്തിച്ചത്. ഇന്നലെ മുസ്ലിം ലീഗ് ഓഫീസിൽ യു.ഡി.എഫ് യോഗം നടന്നതിനു ശേഷമായിരുന്നു കൗൺസിലർമാരെ റിസോർട്ടിലെത്തിച്ചത്.
ഇടതുമുന്നണിയിൽ ആര് മത്സരിക്കുമെന്ന് ഇന്നുരാവിലെ നടക്കുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷം അറിയിക്കുമെന്ന് സി.പി.എം കോർപറേഷൻ പാർലിമെന്ററി പാർട്ടി ലീഡർ എൻ. ബാലകൃഷ്ണൻ പറഞ്ഞു.സി.പി.ഐയിലെ വെള്ളോറ രാജൻ മത്സരിക്കാനാണ് സാദ്ധ്യതയെന്നും സൂചനയുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും പി.കെ രാഗേഷ് മത്സരിക്കും.
ലീഗ് വിമതനായ കെ.പി.എ സലീമിനെ യു.ഡി.എഫിലേക്ക് തിരിച്ച് കൊണ്ടുവന്നതോടെ യു.ഡി.എഫ് വിജയ പ്രതീക്ഷയിലാണ്. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു ശേഷം മുന്നണിധാരണ പ്രകാരം മേയർ സുമാ ബാലകൃഷ്ണൻ സ്ഥാനം രാജിവയ്ക്കും.