പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനി എല്ലാ ചികിത്സയും പരിശോധനയും സൗജന്യ നിരക്കിൽ. സംസ്ഥാനത്തെ ഇതര സർക്കാർ മെഡിക്കൽ കോളേജുകൾക്കു സമാനമായ റഫറൽ ആശുപത്രി ചികിത്സാ സൗകര്യങ്ങളാണ് ഇന്നലെ മുതൽ രോഗികൾക്ക് ലഭ്യമായത്. ഏപ്രിൽ ഒന്നുമുതൽ ഇത് നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വൈകിയത്.
ഓപ്പറേഷൻ, ലബോറട്ടറി, സിടി സ്കാൻ, ഇസിജി, ഹൃദയാലയ സേവനങ്ങൾ എന്നിവയിലെല്ലാം റഫറൽ ആശുപത്രി സംവിധാനമായിരിക്കും.
ഹൃദ്രോഗത്തിന് ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവു വരുന്നിടത്ത് പതിനായിരത്തിൽ താഴെമാത്രമേ വേണ്ടിവരൂ.
സർക്കാർ ഭൂമിയും സഹകരണ മേഖലയുടെ പണവുമുപയോഗിച്ച‌് 1993ലാണ‌് എം വി രാഘവന്റെ നേതൃത്വത്തിൽ സ്ഥാപനം പടുത്തുയർത്തിയത‌്. 1998ൽ നായനാർ സർക്കാർ ഏറ്റെടുത്തെങ്കിലും 2002ൽ എ കെ ആന്റണി സർക്കാർ വീണ്ടും എം വി രാഘവന്റെ നേതൃത്വത്തിലുള്ള സഹകരണ സൊസൈറ്റിയെ തിരിച്ചേൽപ്പിച്ചു. എന്നാൽ ഭീമമായ കടബാദ്ധ്യത കാരണം ഏറ്റെടുക്കലിന‌് ധനവകുപ്പ‌് തീർത്തും എതിരായിരുന്നു. നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് ഈ സർക്കാർ പൂർണമായും സ്ഥാപനം ഏറ്റെടുത്തത്.
മികച്ച സൗകര്യം
പന്ത്രണ്ട‌് സൂപ്പർ സ‌്പെഷ്യാലിറ്റി വിഭാഗങ്ങളും ഇരുപതിലേറെ സ‌്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി സമുച്ചയമാണ‌് പരിയാരത്തേത‌്. മൂവായിരത്തിൽപരം വിദ്യാർത്ഥികൾ. 300 ഡോക്ടർമാർ. രണ്ടായിരത്തിലേറെ ജീവനക്കാർ.
മെഡിക്കൽ സ്റ്റോർ ഉടൻ പ്രവർത്തനക്ഷമമാകും
2019 മാർച്ചിൽ സർക്കാർ ഏറ്റെടുത്തതുമുതൽ ഘട്ടംഘട്ടമായി ചികിത്സ സൗജന്യ നിരക്കിലേക്ക് കൊണ്ടുവരികയായിരുന്നു. നേരത്തെതന്നെ ഒ.പി സൗകര്യം സൗജന്യമാക്കി. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് ചികിത്സ പൂർണമായും സൗജന്യമാക്കി. കാരുണ്യ മെഡിക്കൽ സംവിധാനവും തുടങ്ങി. ആശുപത്രി വികസന സൊസൈറ്റിയുടെ നേതൃത്വത്തിൽ, സർജിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ ലഭ്യമാകുന്ന മെഡിക്കൽ സ്റ്റോർ ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനക്ഷമമാകും.
ബൈറ്റ്
അന്ത്യോദയ കാർഡ് ഉള്ളവർക്ക് പൂർണമായും സൗജന്യ ചികിത്സയായിരിക്കും. മറ്റു വിഭാഗക്കാർ റഫറൽ ആശുപത്രി നിരക്കിലുള്ള ചെറിയ തുക നൽകേണ്ടിവരും
ഡോ. കെ. എം.. കുര്യാക്കോസ്, പ്രിൻസിപ്പൽ