കൂത്തുപറമ്പ്: നഗരമദ്ധ്യത്തിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീശ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
സമീപകാലത്തായി ജില്ലയിൽ നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടക്കാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് സാക്ഷ്യം വഹിച്ചത്. വളർച്ച എത്താറായ നൂറോളം കഞ്ചാവ് ചെടികളാണ് നഗരമദ്ധ്യത്തിൽ നിന്ന് എക്സൈസ് കണ്ടെത്തി നശിപ്പിച്ചത്.
കേരളത്തിൽ ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലാണ് ഇത്തരത്തിൽ കഞ്ചാവ് ചെടികൾ വ്യാപകമായി നട്ടുവളർത്തിയിരുന്നത്. എന്നാൽ എക്സൈസും, പൊലീസും, വനപാലകരും നടത്തുന്ന സംയുക്ത പരിശോധനയുടെ ഫലമായി ഹൈറേഞ്ച് മേഖലയിൽപ്പോലും കഞ്ചാവ് കൃഷി അപ്രത്യക്ഷമായിരിക്കുകയാണ്. ഇതിനിടയിലാണ് ലഹരി ഉപയോഗം താരതമ്യേന കുറഞ്ഞ കുത്തുപറമ്പ് മേഖലയിൽ വൻ കഞ്ചാവ് കൃഷി കണ്ടെത്തിയിട്ടുള്ളത്. നഗരമദ്ധ്യത്തിൽ പൊലീസ് ക്വാർട്ടേഴ്സിനും, സർക്കാർ ഓഫീസുകൾക്കും സമീപത്തായി കഞ്ചാവ് കൃഷി കണ്ടെത്തിയത് എക്സൈസ് വകുപ്പിനെപ്പോലും ഞെട്ടിച്ചിരിക്കയാണ്.
പിന്നിൽ അന്യസംസ്ഥാനതൊഴിലാളികൾ
ഇതര സംസ്ഥാന തൊഴിലാളികളാണ് കഞ്ചാവ് കൃഷിക്ക് പിന്നിലെന്ന് എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ അസം സ്വദേശി കുർഷിദ് ആലത്തെ കോടതി റിമാൻഡ് ചെയ്തിരിക്കയാണ്. തോട്ടടയിലെ റിമാൻഡ് പ്രതികൾക്കുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമവും എക്സൈസ് ആരംഭിച്ചിട്ടുണ്ട്. പ്രതിക്ക് കഞ്ചാവ് ചെടികൾ കിട്ടിയ ഉറവിടത്തെപ്പറ്റിയും എക്സൈസ് അന്വേഷിക്കും.