മലപ്പട്ടം: മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം. പദ്ധതിയുടെ ആദ്യഘട്ടമായി സ്വദേശ് ദർശൻ സ്‌കീമിൽ 80.37 കോടി രൂപ കേന്ദ്ര വിനോദസഞ്ചാരവകുപ്പ് അനുവദിച്ചിട്ടുണ്ട്. വളപട്ടണം പുഴയിൽ പറശ്ശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവുവരെയുള്ള മുത്തപ്പൻ ക്രൂയിസ്, വളപട്ടണത്തുനിന്ന് തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടിമുതൽ കുപ്പംവരെയുള്ള കണ്ടൽ ക്രൂയിസ് എന്നിവയാണ് ബാക്കി പദ്ധതികൾ. ഈ പദ്ധതിയുടെ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവ് വരെ "മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂയിസ്' പദ്ധതിയിൽ മലപ്പട്ടം മുനമ്പ് കടവ്, കോവുന്തല എന്നിവിടങ്ങളെ ഉൾപ്പെടുത്തി 3,37,77,000 രൂപയുടെ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
71 ലക്ഷം രൂപയുടെ രണ്ട് ബോട്ട് ജെട്ടികൾ, നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ്കോർട്ട്, കരകൗശല ഉത്പന്നങ്ങളുടെ നിർമാണം തത്സമയം കാണുവാനും ഉത്പന്നങ്ങൾ വാങ്ങാനും ആർട്ടിസൻസ് ആലകൾ, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിംഗ് യാർഡുകൾ, നടപ്പാത, ഇരിപ്പിടങ്ങൾ, സൗരവിളക്കുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കിയോസ്ക് എന്നിവയാണ് മലപ്പട്ടം മുനമ്പുകടവിൽ നിർമ്മിക്കുക.
ചുമതല കെല്ലിന്
ബോട്ട് ജെട്ടിയുടെ നിർമാണങ്ങൾക്കായി ഉൾനാടൻ ജലഗതാഗതവകുപ്പിനെയും മറ്റു അനുബന്ധ നിർമാണപ്രവർത്തനങ്ങൾക്കായി കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനിയറിംഗ് ലിമിറ്റഡി (കെൽ) നെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കെല്ലിന്റെ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പുരോഗമിച്ചുവരികയാണ്.