നീലേശ്വരം: ആറു മാസത്തെ കാത്തിരിപ്പിനൊടുവിൽ പൊതുമരാമത്ത് അധികൃതർ റോഡ് പ്രവൃത്തി വേഗത്തിൽ ചെയ്തുതീർത്തത് നാടിന് ആശ്വാസമായി. കഴിഞ്ഞ രണ്ടു മൂന്ന് ദിവസം മഴ മാറി നിന്നതോടെയാണ് പാലാത്തടം, ഇടിചൂടി ഭാഗങ്ങളിൽ പൊതുമരാമത്ത് അധികൃതർ റോഡ് ടാർ ചെയ്തത്. അതുപോലെ മൂപ്പിൽ മുതൽ ചോയ്യങ്കോട് വരെയും റോഡ് ടാർ ചെയ്തു. ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞായിരുന്നു ടാറിംഗ്. ഏതായാലും മഴ ശക്തമാകുന്നതിന് മുമ്പ് കിളച്ചിട്ട ഭാഗങ്ങളിൽ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത് വാഹന യാത്രക്കാർക്ക് ആശ്വാസമായി.

മഴക്കാലം കഴിയുന്നതോടെ കോൺവെന്റ് വളവു മുതൽ ബാക്കി ഭാഗങ്ങളിൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്യുമെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു. നീലേശ്വരം - ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി പാലാത്തടം വളവ്, ഇടിചൂടി, മൂപ്പിൽ മുതൽ ചോയ്യങ്കോട് വരെ റോഡ് കിളച്ചിട്ടത് യാത്രക്കാർക്ക് വലിയ തലവേദനയായിരുന്നു. വേനൽ കാലങ്ങളിൽ പൊടിശല്യവും, മഴക്കാലമായതോടെ ചെളിയും കുഴിയും രൂപപ്പെട്ടും യാത്ര ദുസ്സഹമാക്കി.