തളിപ്പറമ്പ്: പുലർച്ചെ നടക്കുന്ന മൊത്തവിൽപന പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ മൊത്ത മത്സ്യവ്യാപാരികൾ ഇന്നലെ പണിമുടക്കി. വർഷങ്ങളായി പുലർച്ചെ മൂന്ന് മണി മുതലാണ് മാർക്കറ്റിൽ മൊത്ത മത്സ്യവിൽപന നടക്കാറുള്ളത്. കഴിഞ്ഞ ദിവസമാണ് ഇത് പൊലീസ് തടഞ്ഞത്.
ആറ് മണി മുതൽ മാത്രമേ മൊത്ത മൽസ്യ വിൽപന അനുവദിക്കുകയുള്ളൂവെന്നാണ് പൊലീസ് നിർദ്ദേശിച്ചത്. മലയോര മേഖലകളിൽ നിന്നുൾപ്പെടെ നൂറുകണക്കിനാളുകളാണ് ഗുഡ്സ് ഓട്ടോറിക്ഷകളിലും ഇരുചക്ര വാഹനങ്ങളിലുമായി ചെറുകിട വിൽപനക്കാർ മൽസ്യം വാങ്ങാനെത്തിയിരുന്നത്. രാവിലെ ആറ് മണിയിലേക്ക് ഇത് മാറ്റിയാൽ നിയന്ത്രിക്കാനാവാത്ത തിരക്കായിരിക്കും മാർക്കറ്റിൽ അനുഭവപ്പെടുകയെന്ന് മത്സ്യ മൊത്ത വ്യാപാരികൾ പറയുന്നു.
പൊലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ മുതൽ മൽസ്യ വിൽപന നിർത്തിവെച്ച് പണിമുടക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധി മത്സ്യലോറികൾ എത്തുന്നതിനാലാണ് പുലർച്ചെ നാലിനുള്ള മൊത്ത വിൽപന തടഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.