കാസർകോട്: അമ്മ നൽകിയ വൃക്കയുമായി നാടൻപാട്ടുകാരൻ കുറ്റിക്കോൽ കളക്കരയിലെ വിനോദ് കുമാർ ഇനിയും ജീവിക്കും. മാതാവ് കാർത്യായനിയുടെ വൃക്ക സ്വീകരിച്ചാണ് ഈ കലാകാരൻ ജീവിതം തിരികെ പിടിക്കുന്നത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ. സജിത് നാരായണന്റെ നേതൃത്വത്തിൽ രണ്ടുപേരുടേയും ശസ്ത്രക്രിയ വിജയകരമാക്കി.
ജനുവരി ഒമ്പതിന് ആശുപത്രിയിൽ എത്തി 11 ന് ശസ്ത്രക്രിയ നടത്തി. തുടർചികിത്സ ആവശ്യമുള്ളതിനാൽ നാലുമാസം കോഴിക്കോട് വാടക വീട്ടിലായിരുന്നു താമസിച്ചത്. കഴിഞ്ഞദിവസം പൂർണ ആരോഗ്യത്തോടെ ഇരുവരും വീട്ടിലെത്തി. 1993 ൽ അച്ഛൻ പക്കീരൻ മരിച്ചതിനാൽ കുടുംബത്തിന്റെ ആശ്രയം വിനോദായിരുന്നു. അറിയപ്പെടുന്ന നാടൻപാട്ട് കലാകാരൻ കൂടിയായ വിനോദിന് നാട്ടിൽ വലിയൊരു സുഹൃദ് വലയം ഉണ്ടായിരുന്നു. ഏറെക്കാലം ഷാർജയിലായിരുന്നു. അമ്മയുടെ അസുഖത്തെ തുടർന്നാണ് 14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 2017 ൽ നാട്ടിലെത്തിയത്. അതിനിടയിലാണ് വൃക്ക സംബന്ധമായ അസുഖം വിനോദിനെ വേട്ടയാടിയത്. വെല്ലുവിളി നേരിട്ട ജീവിതയാത്രയ്ക്കിടെ വിനോദിന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു.
വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഫലമില്ലാത്തതിനാൽ വൃക്ക മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. 20 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്ക് ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ വിനോദിന്റെ കുടുംബം കണ്ണീരിലായി. വൃക്ക മാറ്റിവയ്ക്കണമെന്ന ആവശ്യം അറിയിച്ചപ്പോൾ മാതാവ് കാർത്യായനി തന്നെയാണ് വൃക്ക നൽകാൻ തയ്യാറായത്. ഗൾഫിലും നാട്ടിലുമുള്ള സുഹൃത്തുക്കളും ഒരു കൈ സഹായം നൽകി. ബസ് സർവീസ് നടത്തിയും പണം കണ്ടെത്തി. കളക്കരയിലെ എ. ദാമോദരൻ കൺവീനറും ടി. ബാലൻ ചെയർമാനുമായ ജനകീയ കമ്മറ്റി കണ്ടത്തിയ പണത്തിൽ ചികിത്സയ്ക്കുള്ള ചിലവ് കഴിച്ച് ബാക്കിയുണ്ടായിരുന്ന 3,42,490 രൂപ കെ. കുഞ്ഞിരാമൻ എം.എൽ.എ കഴിഞ്ഞദിവസം വിനോദിനു കൈമാറി. ശ്രീകലയാണ് വിനോദിന്റെ ഭാര്യ. ആദിദേവ്, ആത്മിക എന്നിവർ മക്കളാണ്.