കാസർകോട്: ജില്ലയിൽ ഡെങ്കിപ്പനിയും വ്യാപകമാകുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പുത്തിഗെ, കുമ്പള, ബദിയടുക്ക പഞ്ചായത്ത് പരിധിയിലുള്ളവരാണിവർ. അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഇതിലും ഇരട്ടിയിലേറെ പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് വിവരം.

നഗരസഭാ പരിധിയിലെ കോളനിയിൽ താമസിക്കുന്ന ഒരാൾ ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആദൂർ, മുള്ളേരിയ, മഞ്ഞംപാറ, കർമംതൊടി, മിഞ്ചിപ്പദവ്, ബദിയടുക്ക എന്നിവിടങ്ങളിലും ഡെങ്കിപ്പനി വ്യാപകമാണെന്ന് വിവരമുണ്ട്. മുള്ളേരിയ ഭാഗത്ത് നിന്ന് 30 പേരും ബദിയടുക്ക ഭാഗത്ത് നിന്ന് 25 ലേറെ പേരും ചികിത്സയിലാണ്.

പുല്ലൂർ പെരിയ പഞ്ചായത്തിലും ഡെങ്കിപ്പനി വ്യാപകമാവുകയാണ്. ഇതിനകം പതിനഞ്ചിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പുല്ലൂർ, മധുരമ്പാടി, കേളോത്ത്, എടമുണ്ട തുടങ്ങിയ സ്ഥലങ്ങളിലും പെരിയയിലുമാണ് ഡെങ്കിപ്പനി പടരുന്നത്. ചെറുവത്തൂർ , പിലിക്കോട് പഞ്ചായത്തുകളിലും ഡെങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.