കാസർകോട്: കൊവിഡ് സമൂഹ വ്യാപന സാദ്ധ്യത കണ്ടെത്താനായുള്ള ആന്റി ബോഡി പരിശോധന കാസർകോട് ജനറൽ ആശുപത്രിയിൽ തുടങ്ങി. കഴിഞ്ഞ ദിവസം 38 പേരെ പരിശോധിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. ഐ.സി.എം.ആർ ലഭ്യമാക്കിയ കിറ്റ് ഉപയോഗിച്ച് ഒരാഴ്ച കൊണ്ട് സംസ്ഥാനത്ത് 10,000 പരിശോധ നടത്താനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
കാസർകോട് ബ്ലോക്ക് പരിധിയിലുള്ളവരെയാണ് ജനറൽ ആശുപത്രിയിൽ പരിശോധിക്കുന്നത്. ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ പൊതു ജനസമ്പർക്കം കൂടുതലുള്ളവർ, മുതിർന്ന പൗരൻമാർ, രോഗ ഉറവിടം വ്യക്തമല്ലാത്തവരുടെ പരിസരത്ത് ഉള്ളവർ, വീട്ടിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവർ തുടങ്ങി അഞ്ച് വിഭാഗങ്ങളിലാക്കിയാണ് പരിശോധന.
ഓരോ വിഭാഗത്തിൽ നിന്നും ആകസ്മിക ക്രമപ്രകാരമാണ് (റാൻഡം മെത്തേഡ്) ആളുകളെ തിരഞ്ഞെടുക്കുന്നത്. നേരിട്ടെത്തി സൗജന്യമായാണ് പരിശോധന. ആദ്യ ദിനത്തിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകരെയാണ് പരിശോധിച്ചത്. വരും ദിവസങ്ങളിൽ മറ്റ് വിഭാഗങ്ങളിൽ ഉള്ളവരുടെ പട്ടിക തയ്യാറാക്കി പരിശോധിക്കും. ശരീരത്തിൽ വൈറസിന് എതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടോ എന്ന് പതിനഞ്ച് മിനുട്ടിനുളളിൽ അറിയാനാകും. ആന്റിബോഡി പരിശോധന ഫലം അന്തിമമല്ല.