കാസർകോട്: കൊറോണയുടെ പശ്ചാത്തലത്തിൽ നാടോടികളും യാചകരും അടക്കമുള്ളവരെ പാർപ്പിച്ച സ്‌കൂളിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഇരുപതുകാരിയും തമിഴ്നാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനും മുങ്ങിയത് പൊലീസിന് തലവേദനയായി.

ചെറുഗോളി സ്‌കൂളിൽ കഴിയുന്നതിനിടെയാണ് രണ്ടുപേരെയും കാണാതായത്. റോഡരികിലും കടവരാന്തയിലും മറ്റ് സ്ഥലങ്ങളിലും അന്തിയുറങ്ങുകയായിരുന്ന നാടോടികളും യാചകരും അടക്കമുള്ളവരെ കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷ നൽകുന്നതിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇരുവരെയും നിരീക്ഷണ കേന്ദ്രമായ സ്‌കൂളിലേക്ക് മാറ്റിയത്. അവിടെ കഴിയുന്നതിനിടെ കഴിഞ്ഞദിവസം രാവിലെ ഇരുവരെയും കാണാതാവുകയായിരുന്നു. ഇതേ തുടർന്ന് ആരോഗ്യപ്രവർത്തകർ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് ഇൻസ്‌പെക്ടർ അനുപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായിട്ടില്ല.

ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. സ്‌കൂളിൽ കഴിയുന്ന മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഇവർ അതിർത്തിയിൽ ഒളിച്ചുകഴിയുന്നുണ്ടാകും എന്ന നിഗമനത്തിലാണ് പൊലീസ്.