തളിപ്പറമ്പ്: തളിപ്പറമ്പിലെ റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ ഉടൻ തുറക്കണമെന്ന ആവശ്യം ശക്തമാവുന്നു. റെയിൽവേ സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകൾ ആരംഭിച്ചിട്ട് ഒരാഴ്ചയോളമായി. റെയിൽവേ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചില ട്രെയിനുകൾ ഓടിത്തുടങ്ങുകയും ചെയ്തിട്ടും തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോംപൗണ്ടിലെ റിസർവേഷൻ കേന്ദ്രം അടഞ്ഞുകിടക്കുകയാണ്.
തളിപ്പറമ്പ് താലൂക്കിൽ നിന്നും ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചുപോകാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്നര മാസക്കാലമായി അടഞ്ഞുകിടക്കുന്ന റിസർവേഷൻ കേന്ദ്രത്തിൽ ബുക്കിംഗിനും അന്വേഷണത്തിനും ദിനംപ്രതി ആളുകൾ എത്തുകയാണ് . റിസർവേഷൻ കേന്ദ്രം തുറക്കുന്നതിൽ റെയിൽവേക്ക് സാങ്കേതിക തടസമൊന്നും നിലവിലില്ലെന്നാണ് പറയുന്നത്. അടുത്തയാഴ്ചയിൽ മലബാർ എക്സ്പ്രസും മാവേലി എക്സ്പ്രസും ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ ഓടാൻ തീരുമാനിച്ചിരിക്കെ തളിപ്പറമ്പിലെ റിസർവേഷൻ കേന്ദ്രം അടിയന്തരമായി തുറക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തടസം റവന്യൂവകുപ്പിന്റെ അനുമതി
ഇവിടെ ജീവനക്കാരനെ റവന്യൂ ഡിപ്പാർട്ട്മെന്റാണ് നല്കിയതെന്നതിനാൽ വകുപ്പ് തലവന്റെ നിർദ്ദേശപ്രകാരം മാത്രമേ ജീവനക്കാർക്ക് ഇവിടെ റിസർവേഷൻ ജോലികൾ ചെയ്യാൻ കഴിയുകയുള്ളൂ. കൊവിഡ് നിയന്ത്രണത്തിനായി ജീവനക്കാരിൽ പലരേയും ചുമതലപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കൗണ്ടർ എപ്പോൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന കാര്യത്തിൽ താലൂക്ക് ഓഫീസ് അധികൃതർക്ക് വ്യക്തമായി ഒന്നും പറയാൻ സാധിക്കുന്നില്ല.