കണ്ണൂർ: ജില്ലയിൽ ഏഴു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ ആറു പേർക്കും ബെംഗളൂരുവിൽ നിന്നെത്തിയ ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ വിമാനത്താവളം വഴി മേയ് 22ന് മസ്‌കറ്റിൽ നിന്നുള്ള ഐഎക്സ് 714 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി രണ്ടു വയസ്സുകാരൻ, 27ന് അബുദാബിയിൽ നിന്നുള്ള ഐഎക്സ് 1716 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 26 കാരി, അന്നേദിവസം തന്നെ ദുബൈയിൽ നിന്നുള്ള ഐഎക്സ് 1746 വിമാനത്തിലെത്തിയ മട്ടന്നൂർ സ്വദേശി 30കാരൻ, കരിപ്പൂർ വിമാനത്താവളം വഴി ചാർട്ടേഡ് വിമാനത്തിൽ മസ്‌കറ്റിൽ നിന്ന് ജൂൺ ആറിന് എത്തിയ വേങ്ങാട് സ്വദേശി 55കാരൻ, ജൂൺ ഒൻപതിനെത്തിയ ഉദയഗിരി സ്വദേശി 44കാരൻ, മേയ് 31ന് ബഹറിനിൽ നിന്നുള്ള ഐഎക്സ് 1376 വിമാനത്തിലെത്തിയ കടന്നപ്പള്ളി സ്വദേശി 27കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ. ജൂൺ ഒൻപതിനാണ് ചെമ്പിലോട് സ്വദേശി 63കാരൻ ബെംഗളൂരുവിൽ നിന്നെത്തിയത്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 278 ആയി. ഇതിൽ 163 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ അഞ്ചു പേർ ഇന്നലെയാണ് ഡിസ്ചാർജായത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി 26കാരി, ആന്തൂർ സ്വദേശി 32കാരി, ബക്കളം സ്വദേശി 21കാരി, തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശികളായ ഒൻപത് വയസ്സുകാരിയും 40 വയസ്സുകാരിയുമാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ജില്ലയിൽ 11282 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 9743 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 9101 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 8572 എണ്ണം നെഗറ്റീവാണ്. 642 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.