ragesh
പി.കെ. രാഗേഷ്

കണ്ണൂർ: മാസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും കോളിളക്കങ്ങൾക്കും ഒടുവിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം വീണ്ടും പി.കെ. രാഗേഷിന്. 55 അംഗ കൗൺസിലിൽ 28 വോട്ട് നേടിയാണ് പി.കെ. രാഗേഷ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വെള്ളോറ രാജന് 27 വോട്ട് ലഭിച്ചു. വരണാധികാരിയായ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ കളക്ട്രേറ്റ് ഹാളിലാണ് രാവിലെ 11 മുതൽ വോട്ടെടുപ്പ് നടന്നത്. യു.ഡി.എഫ് കൗൺസിലറും ലീഗ് പ്രതിനിധിയുമായ കെ പി.എ .സലീം ലീഗ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞ് ഇടതുപക്ഷത്തേക്ക് മാറിയപ്പോളാണ് പി.കെ. രാഗേഷ് അവിശ്വാസത്തിലൂടെ പുറത്തായത്.

ഇതേതുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ കക്കാട് വാർഡിലെ കൗൺസിലറായ കെ.പി.എ സലീമും ലീഗും തമ്മിലുള്ള തർക്കം കെ. സുധാകരൻ എം.പി, കെ.എം. ഷാജി എം.എൽ.എ എന്നിവർ ചേർന്ന് പരിഹരിക്കുകയായിരുന്നു. ഇതോടെ യു.ഡി.എഫിന് വിജയ സാദ്ധ്യത കൈവന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പാഠം

ഡെപ്യൂട്ടി മേയർക്കെതിരെ മാർച്ച് 20നു നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മേയർ സുമാബാലകൃഷ്ണനും മറ്റു കൗൺസിലർമാരും വൈകിയതാണ് യു.‌ഡി.എഫിന് തിരിച്ചടിയായത്. മേയർ സുമാ ബാലകൃഷ്ണൻ മൂന്നു മിനിറ്റ് വൈകിയതിനാൽ കൗൺസിൽ ഹാളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പിന്നാലെയെത്തിയ യു.ഡി.എഫിലെ സി.കെ വിനോദ്, കെ. പ്രകാശൻ, മിനാസ്, റഷീദ മഹലിൽ എന്നിവർക്കും ഹാളിലേക്കു കയറാനായില്ല. കെ.കെ ഭാരതിയും എം.കെ ധനേഷ് ബാബുവും ശാരീരിക അസ്വാസ്ഥ്യം കാരണം എത്തിയില്ല. ഇതോടെ വോട്ടെടുപ്പിൽ യു.ഡി.എഫ് കൗൺസിലർമാരുടെ അംഗബലം 20 ആയി കുറഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കി കൃത്യസമയത്ത് കൗൺസിലർമാരെ എത്തിക്കുന്നതിന് യു.ഡി.എഫ് മുൻകൂട്ടി സുരക്ഷിതമായ റിസോർട്ടുകളിലാണ് ഇത്തവണ കൗൺസിലർമാരെ താമസിപ്പിച്ചത്.

മേയർ സ്ഥാനം സീനത്തിന് കൈമാറും

യു.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചതോടെ കോൺഗ്രസും ലീഗും തമ്മിലുള്ള ധാരണ പ്രകാരം നിലവിലെ മേയർ സുമാ ബാലകൃഷ്ണൻ സ്ഥാനം രാജിവച്ച് ലീഗിലെ സി. സീനത്തിനു കൈമാറും. കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ കോർപ്പറേഷനിൽ വീണ്ടും അധികാര കൈമാറ്റം.