കണ്ണൂർ:മന്ത്രി വീട്ടിലെത്തി ആശ്വസിപ്പിച്ചപ്പോൾ ജീവിതത്തിലെ വെളിച്ചം കെട്ടുപോയില്ലെന്ന് ആ മിന്നൽ വേഗക്കാരൻ വിശ്വസിച്ചു. ചോർന്നൊലിക്കുന്ന ആ കൂരയിൽവച്ചും പറഞ്ഞത് ഇത്രമാത്രം.
വീട് വേണ്ട സാർ,ഒരു ജോലി മതി.
പട്ടിക ജാതി വകുപ്പിൽ ജോലി ശരിയാക്കാമെന്ന് മന്ത്രി ഉറപ്പും നൽകി.
മന്ത്രി ജയലക്ഷ്മി വന്നു മടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. സ്കൂൾ കായികമേളകളിൽ കേരളത്തിന്റെ ഉസൈൻ ബോൾട്ടെന്നറിയപ്പെട്ടിരുന്ന കണ്ണൂർ കൊട്ടിയൂർ മന്ദംചേരി ആദിവാസി കോളനിയിലെപി.ബി.ഗിരീഷ് കായിക രംഗത്ത് ഉയരങ്ങൾ താണ്ടിയെങ്കിലും ജീവിതത്തിൽ ഉയർച്ചയില്ലാതെ പതറുകയാണ്.
പൊലീസിലായിരുന്നു അവസാന പ്രതീക്ഷ. അതും അടുത്തിടെ പൊലിഞ്ഞു.കാരണം,
ഈ മിന്നൽവേഗക്കാരന് നാലു സെന്റീമീറ്റർ ഉയരം കുറവ്.
മുഖ്യമന്ത്രിക്ക് സങ്കടഹർജി നൽകിയാൽ ഒരുപോംവഴി തെളിയുമെന്ന പ്രതീക്ഷയിലാണ് ഗിരീഷ്.
2005ൽ കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൻ സ്കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കായിക രംഗത്തേക്ക് കടന്നത്.
അച്ഛന്റെ മരണവും വീട്ടിലെ പ്രാരാബ്ധങ്ങളും കാരണം പ്ലസ്ടുവോടെ പഠനം നിറുത്തേണ്ടിവന്നു.
ഭാര്യ മിനിയും മക്കളായ വേദയും ശ്രീദേവും അടങ്ങുന്ന കുടുംബം പോറ്റാൻ ട്രൈബൽ ഹോസ്റ്റലിൽ താത്കാലിക വാച്ച്മാനായി ജോലി നോക്കുകയാണ് 29 കാരനായ ഗിരീഷ്. വീടിനായി ആറളംഫാമിൽ സ്ഥലം കിട്ടിയെങ്കിലും പണമില്ലാത്തതിനാൽ പണി തുടങ്ങിയിട്ടില്ല.
കമന്റ്
ഇപ്പോൾ ചെയ്യുന്ന വാച്ച് മാന്റെ ജോലിയെങ്കിലും സ്ഥിരപ്പെടുത്തി തന്നാൽ മതിയായിരുന്നു.
പി.ബി.ഗിരീഷ്
നേട്ടങ്ങൾ
2005: സംസ്ഥാന സ്കൂൾ മേളയിൽ 100 മീറ്ററിലും 400 മീറ്ററിലും മൂന്നാം സ്ഥാനം
2007: 100 മീറ്ററിൽ ഒന്നാം സ്ഥാനം. ദേശീയ മീറ്റിലും ഒന്നാമൻ.
2008: സംസ്ഥാന മേളയിൽ 100 മീറ്ററിൽ സ്വർണം.
2008: ദേശീയ മീറ്റിൽ നൂറു മീറ്ററിൽ വെള്ളി
2009: ദേശീയ മീറ്റിൽ 100 മീറ്ററിലും 400 മീറ്റർ റിലേയിലും സ്വർണം
2010: സംസ്ഥാന, ദേശീയ മീറ്റുകളിൽ 100 മീറ്ററിലും 400 മീറ്റർ റിലേയിലും സ്വർണം