boat
ട്രോളിംഗ്

ട്രോളിംഗ് ബോട്ടുകളിൽ മീൻ പിടിക്കുന്നവർ 75,000

കണ്ണൂർ: ട്രോളിംഗ് നിരോധനം കർശനമാക്കാൻ കടൽക്കണ്ണുകളുമായി ബോട്ടുകൾ പട്രോളിംഗ് തുടങ്ങി. കടലിൽ പട്രോളിംഗിനായി ജില്ലയിൽ മൂന്ന് ബോട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. അഴീക്കൽ, തലായി, ആയിക്കര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബോട്ടുകൾ പട്രോളിംഗ് നടത്തുന്നത്.
9ന് അർധരാത്രിയാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നത്. ഇതോടെ ജില്ലയിലെ ഇരുനൂറ്റമ്പതോളം ബോട്ടുകളും തീരത്ത് വിശ്രമത്തിലാണ്.

എന്നാൽ ട്രോളിംഗ് കാലയളവിൽ പരമ്പരാഗത ഔട്ട് ബോർഡ്, ഇൻബോർഡ് യാനങ്ങൾക്ക് മത്സ്യ ബന്ധനം നടത്താം. ഇടവപ്പാതിസമയത്ത് പൊതുവേ മത്സ്യസമ്പത്ത് കുറവായതിനാൽ പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഈ സമയം അനുഗൃഹീത കാലഘട്ടം കൂടിയാണ്.

ഒമ്പത് പേരടങ്ങുന്ന സീ റസ്ക്യു സ്ക്വാ‌ഡ് രംഗത്ത്
ഒമ്പത് പേരടങ്ങുന്ന സീ റസ്‌ക്യൂ സ്‌ക്വാഡുകളും തീരമേഖലയിൽ പ്രവർത്തിക്കും. ഗോവയിൽ പരിശീലനം ലഭിച്ചവരാണ് സ്‌ക്വാഡിൽ ഉണ്ടാവുക. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി പരിശീലനം നേടിയ 85 പേർ വേറെയുമുണ്ട്. മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ് അടക്കമുള്ള വിഭാഗങ്ങളും പരിശോധനയ്ക്കുണ്ടാകും.

മത്സ്യ ലഭ്യത കുറയുന്നു:

കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്ത് മത്സ്യലഭ്യതയിൽ ഗണ്യമായ കുറവാണുള്ളത്. കാലാവസ്ഥാവ്യതിയാനവും അശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി. എന്നാൽ അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് മുൻകരുതലുകളും നടപടികളും സ്വീകരിച്ചിട്ടുണ്ട്.