കാസർകോട്: ലോക്ക് ഡൗണിന് പിന്നാലെ വലിയൊരുഭാഗം അന്യസംസ്ഥാന തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയതോടെ ജില്ലയിൽ നിർമ്മാണ പ്രവൃത്തികൾ സ്തംഭിക്കുന്നു. ജില്ലയിൽ നിർമ്മാണ മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സ്വകാര്യ കെട്ടിടനിർമ്മാണങ്ങൾക്ക് പുറമെ റോഡ്, പാലം നിർമ്മാണവുമെല്ലാം ഇപ്പോൾ നിലച്ചിരിക്കുന്നതായാണ് പറയുന്നത്.

കാലവർഷത്തിന് മുമ്പ് വീട് നിർമ്മാണം പൂർത്തീകരിക്കാൻ ഉദ്ദേശിച്ചവർക്കും അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലാത്തതിനാൽ അതിന് സാധിച്ചില്ല. കാസർകോട് കളക്ടറേറ്റിൽ അനുബന്ധ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നതിനിടെയാണ് തുടർജോലികളെ കൊവിഡ് പ്രതിസന്ധി ബാധിച്ചത്. ലോക്ക് ഡൗൺ വന്നതോടെ നിർമാണം പൂർണമായും നിർത്തിവയ്ക്കേണ്ടിവന്നു. അന്യസംസ്ഥാനതൊഴിലാളികളുടെ അഭാവും ഈ കെട്ടിടങ്ങളുടെ ജോലിക്കും തടസമാകും.
കാസർകോട് ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ 90 ശതമാനം പേരും ജോലി ചെയ്തിരുന്നത് നിർമ്മാണ മേഖലയിലാണ്. നാട്ടിലെ തൊഴിലാളികളെ വെച്ച് മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് കരാറുകാരുടെ വാദം. അന്യസംസ്ഥാന തൊഴിലാളികൾ 600 രൂപക്ക് ചെയ്തിരുന്ന ജോലിക്ക് ആയിരം രൂപ വരെ നാട്ടിലെ തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.

കാസർകോട് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾ 18000

തിരിച്ചുപോയവർ 14000

ട്രെയിൻ മാർഗം മടങ്ങിയത് 9381

ബസ് മാർഗം 2000

അയൽ സംസ്ഥാനങ്ങളിലേക്ക് പലരും നടന്നുപോയിട്ടുമുണ്ട്

മടക്കം കാത്തിരിക്കുന്നവർ 2400

ആകെ 14000 ത്തിൽ അധികം അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുപോയിട്ടുണ്ട്. ബാക്കിവരുന്ന നാലായിരം പേരിൽ 2400 പേർ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇവർ രജിസ്റ്റർ ചെയ്ത് ട്രെയിൻ കാത്തിരിക്കുന്നു.

തൊഴിൽ വകുപ്പ് അധികൃതർ

ലോക്ക് ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷണവും താമസസൗകര്യവും ഒരുക്കാൻ വൻ തുക ചെലവായി. പലരും അഡ്വാൻസായി നല്ലൊരു തുക വാങ്ങുകയും ചെയ്തു. എന്നാൽ

മടങ്ങിപ്പോയ പലരും സിംകാർഡ് പോലും ഉപേക്ഷിച്ചതിനാൽ തിരിച്ചുവരുമെന്ന പ്രതീക്ഷയില്ല.

കരാറുകാർ

മണ്ണുമാന്തികൾ മൂലയ്ക്കായി

നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണുമാന്തി യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ ഏറേയും ഉത്തരേന്ത്യൻ സ്വദേശികളാണ്. ഇവരെല്ലാം മടങ്ങിയതോടെ യന്ത്രങ്ങൾ ഷെഡ്ഡിൽ കയറ്റിവച്ചിരിക്കുന്നു.