നീലേശ്വരം: നാടും നഗരവും കൊവിഡ് 19 ഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ നഗരസഭ അധികൃതരുടെ അലംഭാവംമൂലം രോഗ ഭീതിയിൽ കഴിയുകയാണ് ഹൈവേ ജംഗ്ഷൻ കെട്ടിടത്തിലെ വ്യാപാരികൾ.
ഐവ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ അഞ്ച് ലോഡ്ജ് മുറികളിൽ വിദേശത്തുനിന്ന് എത്തിയവർ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. ഇതിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതിനാൽ ഇയാൾ പടന്നക്കാട് കൊവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ ക്വാറന്റൈനിൽ കഴിഞ്ഞവരുടെയും പോസിറ്റീവായയാളുടെയും മുറികൾ വൃത്തിയാക്കുവാൻ അഞ്ചുദിവസം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നാണ് പരാതി. ഇവർ ഉപയോഗിച്ച ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ ലോഡ്ജ് വരാന്തയിൽ ചിതറി കിടക്കുകയാണ്. ഈ മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് കൊണ്ടുപോകുന്നതും രോഗ ഭീഷണി ഉയർത്തുകയാണ്.
ആ കോംപ്ലക്സിൽ ബാങ്ക്, സൂപ്പർ മാർക്കറ്റ്, ഫാസ്റ്റ്ഫുഡ് ഹോട്ടൽ, മെഡിക്കൽ സ്റ്റോർ തുടങ്ങി നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ദിവസവും നൂറ് കണക്കിന് ആളുകളാണ് നിരവധി ആവശ്യങ്ങൾക്കായി ഇവിടെ എത്തിച്ചേരുന്നത്.
കെട്ടിടത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള വ്യാപാരികളും തൊഴിലാളികളും ഈ ലോഡ്ജ് മുറി കടന്നാണ് പ്രാഥമിക ആവശ്യങ്ങൾക്കായുള്ള മുറിയിൽ എത്തുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം, നഗരസഭ അധികൃതർ എന്നിവരെ അറിയിച്ചിട്ടും മാലിന്യം നീക്കാൻ എത്തിയിട്ടില്ല. കൊവിഡ് രോഗി താമസിച്ച മുറി അണുവിമുക്തമാക്കാനും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. കൊവിഡ് ഭീഷണിമൂലം ചില വ്യാപാരികൾ സ്ഥാപനം തുറക്കാനും ഭയക്കുകയാണ്.