കാസർകോട്: ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് വന്ന രണ്ട് വനിതകൾക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പുരുഷന്മാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ.വി രാംദാസ് അറിയിച്ചു.

നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 104 ആണ്. ജൂൺ ഒന്നിന് മഹാരാഷ്ട്രയിൽ നിന്ന് ബസിന് വന്ന 44, 45 വയസുള്ള മംഗൽപാടി സ്വദേശിനികൾ, മേയ് 28 ന് ദുബായിൽ നിന്നെത്തിയ 49 വയസുള്ള ചെമ്മനാട് സ്വദേശി, ജൂൺ ആറിന് കുവൈത്തിൽ നിന്നെത്തിയ 36 വയസുള്ള മടിക്കൈ സ്വദേശി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്.

ജൂൺ നാലിന് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേർ ഇന്ന് രോഗമുക്തരായി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 21 വയസുള്ള ചെമ്മനാട് സ്വദേശിനിയ്ക്കും പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 38 വയസുള്ള വലിയപറമ്പ സദേശിക്കും രോഗം ഭേദമായി.

വീടുകളിൽ 3220 പേരും ആശുപത്രികളിൽ 358 പേരുമുൾപ്പെടെ 3578 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. പുതിയതായി 268 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 518 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.