കണ്ണൂർ: ജില്ലയിൽ മൂന്നു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മസ്‌കറ്റ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ വിമാനത്താവളം വഴി ജൂൺ മൂന്നിന് ഐഎക്സ് 1714 വിമാനത്തിലാണ് ആന്തൂർ സ്വദേശി 30കാരൻ മസ്‌കറ്റിൽ നിന്നെത്തിയത്.
മേയ് 25ന് ചെന്നൈയിൽ നിന്ന് എത്തിയ മുണ്ടേരി സ്വദേശി 19കാരൻ, ജൂൺ 9ന് മുംബൈയിൽ നിന്നെത്തി ഇന്നലെ മരിച്ച ഇരിക്കൂർ സ്വദേശി 71കാരൻ എന്നിവരാണ് രോഗബാധിതരായ മറ്റു രണ്ടുപേർ. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 281 ആയി. ഇതിൽ 163 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ ജില്ലയിൽ 12200 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 9967 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 9405 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 8841 എണ്ണം നെഗറ്റീവാണ്. 562 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.