corporation
കോർപറേഷൻ മേയർ സ്ഥാനം സുമ ബാലകൃഷ്ണൻ രാജിവെച്ചു

കണ്ണൂർ : ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ പി .കെ .രാഗേഷ് വിജയിച്ചതോടെ കണ്ണൂർ കോർപറേഷൻ മേയർ സുമാ ബാലകൃഷ്ണൻ രാജിവെച്ചു. മുന്നണി ധാരണ പ്രകാരം മുസ്ലീം ലീഗിലെ സി.സീനത്ത് പുതിയ മേയർ സ്ഥാനാർത്ഥിയാകും.
പി.കെ രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്താൻ മേയർ സ്ഥാനം രാജിവയ്ക്കാമെന്നായിരുന്നു കോൺഗ്രസ് ലീഗിന് നൽകിയ ഉറപ്പ്. രാഗേഷിന് 28 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലെ വെള്ളോറ രാജന് 27 വോട്ടുകളാണ് ലഭിച്ചത്.
ഇതിന് ശേഷം യു.ഡി.എഫ് നേതാക്കളോടൊപ്പമെത്തി കളക്ടർ ടി.വി സുഭാഷിന്് സുമ ബാലകൃഷ്ണൻ രാജിക്കത്ത് നൽകി. നേരത്തെ ലീഗ് നേതൃത്വവുമായി ഇടഞ്ഞ കെ.പി.എ .സലിം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് രാഗേഷിന് തുണയായത്. യു.ഡി.എഫ് കൗൺസിലറും ലീഗ് പ്രതിനിധിയുമായ കെ.പി.എ സലിം ലീഗ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞ്് എൽ.ഡി.എഫ് പക്ഷത്തേക്ക് മാറിയപ്പോഴാണ് നേരത്തെ പി.കെ രാഗേഷ് അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടത്. ലീഗ് നേതൃത്വം കെ.പി.എ സലീമിനെ അനുനയിപ്പിച്ച് പാർട്ടിയിലേക്ക് കൊണ്ടുവന്നതോടെ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വിജയം യു.ഡി.എഫിനൊപ്പം തന്നെ നിൽക്കുയായിരുന്നു.
ഡെപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷ് രാജി വെച്ച് 86 ദിവസത്തിനു ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ തിരഞ്ഞെടുപ്പ് വൈകുകയായിരുന്നു.