കണ്ണൂർ: കോർപേറഷൻ മേയറായുള്ള ഒമ്പത് മാസക്കാലത്ത് ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചുവെന്ന ചാരിതാർത്ഥ്യത്തോടെയാണെന്ന് പടിയിറങ്ങുന്നതെന്ന് സുമാബാലകൃഷ്ണൻ. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
രണ്ടുമാസക്കാലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ വികസന പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാനായിട്ടില്ല. എന്നാൽ ഈ കാലയളവിൽ മറ്റേതൊരു കോർപറേഷനെക്കാളും മികച്ച പ്രവർത്തനം നടത്തുവാൻ സാധിച്ചു. സർക്കാർ നിർദ്ദേശിച്ച പ്രകാരമുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിൽ 500 ഓളംപേർക്ക് 77 ദിവസക്കാലം സൗജന്യമായി ഭക്ഷണം നൽകുന്നതിന് സാധിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കാൾസെന്റർ ആരംഭിച്ച് കോർപറേഷൻ പരിധിയിലെ വീടുകളിൽ 60ഓളം സന്നദ്ധ പ്രവർത്തകരായ വോളന്റിയർമാരുടെ സഹായത്തോടെ പലവ്യഞ്ജനങ്ങളും മരുന്നുകളും യാതൊരു സർവീസ് ചാർജ്ജുകളും ഈടാക്കാതെ എത്തിച്ചു നൽകി. അന്ധമായ വിദ്വേഷ രാഷ്ട്രീയത്തിന്റെ പേരിൽ സി.പി.എം കൗൺസിലർമാർ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും പരാജയപ്പെടുത്തുന്നതിന് പരിശ്രമിക്കുകയും ചെയ്തിട്ടും നേട്ടം കൊയ്യാനായെന്നും സുമ ബാലകൃഷ്ണൻ പറഞ്ഞു.