കണ്ണൂർ: കൊവിഡും മഴക്കാലവും വന്നതോടെ കവർച്ചക്കാർക്ക് സുവർണകാലം. ബ്ളാക്ക് മാൻ ഉൾപ്പടെയുള്ള പുതിയ വേഷങ്ങളിലാണ് കവർച്ചക്കാർ ജില്ലയിൽ ഉറക്കം കെടുത്തുന്നത്. തലശേരി മേഖലയിൽ ബ്ളാക്ക് മാൻ എന്ന പേരിലുള്ള സംഘമാണ് കവർച്ചക്കിറങ്ങിയതെങ്കിൽ പയ്യന്നൂരിന്റെ വടക്കൻ ഭാഗങ്ങളിൽ യുവാക്കളുടെ പ്രൊഫഷണൽ സംഘമാണ് മോഷണത്തിന് മുന്നിൽ.
ബ്ളാക്ക് മാനുവേണ്ടി മേലൂർ, ധർമ്മടം, അണ്ടലൂർ ഭാഗങ്ങളിൽ യുവാക്കൾ ഉറക്കമൊഴിച്ച് കാത്തിരുന്നുവെങ്കിലും കണ്ടുപിടിക്കാനായില്ല. കവർച്ചക്കിടയിൽ കഴിഞ്ഞ ദിവസം പെരിങ്ങോം പൊലീസിന്റെ പിടിയിലായ കണ്ണവം സ്വദേശി പാറമ്മൽ ഹൗസിൽ വരുണിനെ (25) ചോദ്യം ചെയ്തപ്പോഴാണ് ജില്ലയിൽ വേരുറപ്പിച്ച പ്രൊഫഷണൽ കവർച്ചാ സംഘങ്ങളെ കുറിച്ച് വിവരം അറിയുന്നത്.
ഇതോടെ നൈറ്റ് പട്രോളിംഗ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി പൊലീസും അതീവ ജാഗ്രതയിലാണ്. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ പെരിങ്ങോം ഓലയമ്പാടിയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കെ.എം. ട്രേഡേഴ്സിന്റെ ഷട്ടർ തകർത്ത് കവർച്ച നടത്തുന്നതിനിടയിലാണ് വരുൺ പെരിങ്ങോം പൊലീസിന്റെ പിടിയിലായത്.
റബർ ഷീറ്റുൾപ്പെടെയുള്ള മലഞ്ചരക്ക് ഉല്പന്നങ്ങൾ കാറിൽ കടത്തുവാനുള്ള ശ്രമമാണ് പൊലീസ് തകർത്ത് വരുണിനെ പിടികൂടിയത്. ഇരുളിന്റെ മറവിൽ രക്ഷപ്പെട്ട ആറളം സ്വദേശി ദീപുവിനെ പിടികൂടാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
നേതൃത്വം ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയവർ
ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ മോഷ്ടാക്കളടങ്ങിയ സംഘമാണ് കവർച്ച ലക്ഷ്യമിട്ട് രംഗത്തിറങ്ങിയിട്ടുള്ളത്. പെട്ടെന്ന് പണമുണ്ടാക്കാനാഗ്രഹിക്കുന്ന ചില യുവാക്കളും ഇവരുടെ കൂടെയുണ്ടെന്നാണ് വെളിപ്പെടുത്തൽ. വരുണും കൂട്ടുകാരൻ ദീപുവും കവർച്ചക്കായി കൊണ്ടുവന്ന കാർ അയൽവാസിയിൽ നിന്നും വാടകക്കെടുത്തതാണെന്നും ഇവരുൾപ്പെടെ വലിയൊരു സംഘംതന്നെ കവർച്ച നടത്താനായി രംഗത്തിറങ്ങിയതായും പൊലീസിനോട് ഇയാൾ സമ്മതിച്ചിട്ടുണ്ട്.
വരുണിൽ നിന്നുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കവർച്ചക്കായി ഇറങ്ങിയ കുപ്രസിദ്ധ കവർച്ചക്കാരെ കുടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്-
പി..ജി. രാജു, എ.എസ്.ഐ, പെരിങ്ങോം