കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ് ഇന്നലെ അക്കരെ സന്നിധാനത്ത് നടന്നു.രാത്രി ക്ഷേത്രത്തിലെ പതിവ് പൂജാനിവേദ്യങ്ങളും എഴുന്നള്ളത്തും ശ്രീഭൂതബലിയും കഴിഞ്ഞയുടൻ കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കെ നടയിൽ തട്ടും പോളയും വിരിച്ച് കുടിപതി കാരണവർ വെള്ളിക്ടാരം വെച്ചു രാശി വിളിച്ചുയുടൻ ഇളനീർവെപ്പ് ആരംഭിച്ചു.

വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്രവേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേനടയിലേക്ക് എഴുന്നള്ളി കിഴക്കെ നടയിൽ നിലയുറപ്പിച്ചു.

ബാവലിപ്പുഴയിൽ ഇളനീർകാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് പ്രവേശിച്ച് മൂന്നു വലംവെച്ച് ഇളനീർകാവുകൾ സമർപ്പിച്ചതിനുശേഷം വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കിയാണ് ഇളനീർവ്രതക്കാർ തിരിച്ചുപോയത്. അവസാനം എരുവട്ടി തണ്ടയാൻ സ്ഥാനികൻ ഒരു കുടം എള്ളെണ്ണയും ഇളനീരും സമർപ്പിച്ചതോടെ ഇളനീർവെപ്പ് പൂർത്തിയായി.

സാധാരണയായി 140 ൽ അധികം ഇളനീർമഠങ്ങൾ മുഖേന ആറായിരം മുതൽ ഏഴായിരം വരെ കാവുകളാണ് കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കാറുള്ളത്. ഇത്തവണ 30തോളം ഇളനീർ വ്രതക്കാരാണ് കാവുകൾ സമർപ്പിച്ചത്. ജന്മാവകാശികളായ തണ്ടയാൻമാരാണ് ഇളനീർക്കാവുകൾ സമർപ്പിച്ചത്. കൊവിഡിന്റെ സാഹചര്യത്തിൽ മാസ്‌കും സാമൂഹിക അകലവും പാലിച്ചും ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെയുമാണ് ചടങ്ങ് നടത്തിയത്.

ഇന്ന് രാത്രിയാണ് ദൈവം വരവും ഇളനീരാട്ടവും. ഉച്ചയ്ക്ക് അഷ്ടമി ആരാധനയും നടക്കും. ഉച്ചശീവേലിക്കുശേഷമാണ് അഷ്ടമി ആരാധനാ പൂജ നടക്കുക. അഷ്ടമിപ്പാട്ടിനൊപ്പം ഭണ്ഡാര അറയുടെ മുന്നിലാണ് അഷ്ടമി ആരാധന നടക്കുന്നത്. സ്ഥാനികനായ പന്തീരടി കാമ്പ്രമാണ് അഷ്ടമി ആരാധന നടത്തുക.