pkragesh
പി.കെ.രാഗേഷ്

കണ്ണൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ കഴിയുന്ന ആളുകൾക്ക് കോർപ്പറേഷൻ നൽകുന്ന ഭക്ഷണ വിതണത്തിന് സമാന്തരമായി സി.പി.എം നടപ്പാക്കിയ സമാന്തര ഭക്ഷണ വിതരണമായ കണ്ണൂർ താലിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ആവശ്യപ്പെട്ടു.

കളക്ടർ, തഹസിൽദാർ, എ.ഡി.എം ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥർ സി.പി.എമ്മിന്റെ ക്രമവിരുദ്ധമായ ഈ നടപടിക്ക് കൂട്ടുനിൽക്കുകയായിരുന്നു എന്ന് രാഗേഷ് ആരോപിച്ചു. കണ്ണൂർ താലിക്കുവേണ്ടി ഇവർ പിരിച്ച പണത്തിനും കടകളിൽ നിന്നു ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾക്കും കയ്യും കണക്കുമില്ല. ഒരു രേഖയുമില്ലാതെയാണ് ഇവയൊക്കെ സി.പി.എം ചെയ്തത്. ജില്ലാ ഭരണകൂടവും കണ്ണൂർ താലിക്ക് പണം നൽകിയിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു. കോർപ്പറേഷന്റെ പേരിൽ, മേയറോ മറ്റ് ഉത്തരവാദപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികളോ അറിയാതെയാണ് സി.പി.എം ലക്ഷങ്ങൾ പിരിച്ചത്. ഇതിന് കൂട്ടുനിന്ന കളക്ടർ പൊതുസമൂഹത്തോട് മറുപടിപറയണമെന്ന് ഡപ്യൂട്ടി മേയർ ആവശ്യപ്പെട്ടു.

സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ താൻ ഡപ്യൂട്ടി മേയർ പദവിയിൽനിന്ന് 82 ദിവസം മാറിനിന്നിരുന്നു. ഡപ്യൂട്ടി മേയർ പദവി കേവലം സാങ്കേതികം മാത്രമാണെന്നും പദവി ഇല്ലാത്ത കാലയളവിലും താൻ മേയറോടൊപ്പം നിന്ന് പരമാവധി പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ പ്രഖ്യാപനം വരുന്നതിന് മുമ്പ്തന്നെ 1400 ഓളം അന്യസംസ്ഥാന തൊഴിലാളികൾക്ക് കിറ്റ് കൊടുക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. തങ്ങൾ കിറ്റുവിതരണം തുടങ്ങിയതിനു ശേഷമാണ് സർക്കാർ പ്രഖ്യാപനം വന്നത്. കോർപ്പറേഷൻ നടത്തിവരുന്ന ഇത്തരം പ്രവർത്തനങ്ങളിൽ സഹകരിക്കാനോ,​ സന്ദർശിക്കാനോ തയ്യാറാകാത്തവർ നടത്തുന്ന സേവനങ്ങളെ ജനങ്ങൾ സംശയത്തോടെ കണ്ടാൽ കുറ്റം പറയാൻ കഴിയില്ലെന്നും പി.കെ. രാഗേഷ് തുടർന്നു പറഞ്ഞു. സി.പി.എമ്മിന്റെ ഓഫീസിൽനിന്ന് കൽപ്പിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന തരത്തിലേക്ക് ജില്ലാ ഭരണകൂടം തരംതാഴ്ന്നു പോയെന്നും ഡപ്യൂട്ടി മേയർ ആരോപിച്ചു..