കാസർകോട്: താലൂക്ക് ഓഫീസ് വളപ്പിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ തണൽ മരങ്ങൾക്ക് കോടാലി വീണു. ഒരു വൻ മരവും അല്പം ചെറിയ രണ്ടു മരങ്ങളുമാണ് റവന്യൂ വകുപ്പ് അധികാരികൾ തന്നെ വെട്ടിമാറ്റിയത്. താലൂക്ക് ഓഫീസും അതിനോടനുബന്ധിച്ചുള്ള മറ്റ് സർക്കാർ ഓഫീസുകൾക്കും തണൽ നൽകിയിരുന്നതാണ് മുറിച്ചു മാറ്റിയ മരങ്ങൾ.
താലൂക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ മതിലിനോട് ചേർന്ന് തറ കെട്ടി സംരക്ഷിച്ചിരുന്ന തണൽ മരങ്ങൾക്ക് ഓഫീസ് കെട്ടിടത്തിനേക്കാളും പഴക്കുമുണ്ട്. മതിലിന് പുറത്ത് റോഡരികിലുള്ള ടാക്സി സ്റ്റാൻഡ്, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും തണൽ നൽകുന്ന വിധത്തിൽ വളർന്നു പന്തലിച്ചു നിന്നിരുന്നതാണിവ. അടിഭാഗം പൊള്ളയായതിനാൽ ഏത് നിമിഷവും നിലംപതിക്കാവുന്ന അപകടകരമായ സാഹചര്യം ഉണ്ടായിരുന്നതിനാലാണ് മരങ്ങൾ മുറിച്ചു മാറ്റാൻ തീരുമാനിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. മാസങ്ങൾക്ക് മുമ്പ് മരത്തിന്റെ ശിഖരങ്ങൾ പൊട്ടിവീണ് കാറുകളുടെ മുകൾഭാഗത്ത് കേടുപാട് സംഭവിച്ചിരുന്നു.
പരാതികൾ വ്യാപകമായതിനെ തുടർന്ന് ജില്ലാ കളക്ടർ ഡോ. സജിത് ബാബു താലൂക്ക് ഓഫീസിൽ എത്തി തണൽ മരങ്ങളുടെ അപകടാവസ്ഥ പരിശോധിക്കുകയും മുറിച്ചു മാറ്റാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ആറു മാസം മുമ്പ് മുറിച്ചു മാറ്റാൻ ഉത്തരവിട്ടതാണെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോഴേക്കും ലോക്ക് ഡൗൺ വന്നതിനാലാണ് നീണ്ടുപോയതെന്ന് അധികൃതർ പറയുന്നു.
താലൂക്ക് വികസന സമിതി യോഗത്തിൽ തുടച്ചയായി പരാതി ഉണ്ടായിരുന്നു. അപകടാവസ്ഥയിലായ വൻമരങ്ങൾ ഈ മഴക്കാലത്തിന് മുമ്പ് മുറിച്ചുമാറ്റിയില്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്. മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
രാജൻ, കാസർകോട് തഹസിൽദാർ