കണ്ണൂർ: കൊവിഡ് 19 വ്യാപന കാലത്ത് ജോലി ഇരട്ടിക്കുകയും രോഗ ഭീഷണിയിലാവുകയും ചെയ്തിട്ടും സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം തുടർച്ചയായി വൈകുന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നു. തുടർച്ചയായ ദുരനുഭവങ്ങളിൽ പ്രതിഷേധിച്ച് ഡ്രൈവർമാരടക്കം സമരത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞമാസത്തെ ശമ്പളം 15 നകം നൽകിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം നാലു മണിക്കൂർ സർവീസ് നിർത്തി സൂചനാ പണിമുടക്കിലേക്ക് പോകും. ഇടപെടൽ ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസം മുതൽ സമരം ശക്തമാക്കാനുമാണ് തീരുമാനം.
ശമ്പള കുടിശ്ശിക തീർക്കാൻ ആവശ്യപ്പെട്ട് സി.ഐ.ടി.യു യൂണിയൻ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനാണ് തൊഴിലാളികൾ ഒരുങ്ങുന്നത്. പരാതികളെ തുടർന്ന് ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ ഇ.എം.ആർ.ഐ ഗ്രൂപ്പിന്റെ സംസ്ഥാന ചുമതലയുള്ളയാളെ ലേബർ ഓഫീസർ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ ശമ്പളത്തിന്റെ കാര്യത്തിൽ തീർപ്പ് കല്പിക്കുമെന്ന് ലേബർ ഓഫീസറെ അറിയിച്ചതായും ഇവർ പറയുന്നു.
കാസർകോട് ജില്ലയിൽ മാത്രം 14 ആംബുലൻസുകളിലായി അൻപതോളം പേർ ജോലിചെയ്യുന്നുണ്ട്. സാധാരണക്കാർക്ക് സൗജന്യ സേവനവുമായി 314 ആംബുലൻസുകളാണ് സംസ്ഥാനത്ത് തലങ്ങും വിലങ്ങും സർവീസ് നടത്തുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് 108 സേവനം ആരംഭിച്ചത്. ജീവൻ പണയപ്പെടുത്തിയാണ് ഇതിലെ സേവനങ്ങൾ.
സംസ്ഥാനത്ത് ആകെയുള്ളത് 1400 ജീവനക്കാർ
ആംബുലൻസുകൾ 314
നഷ്ടക്കച്ചവടമെന്ന് കമ്പനി
ഡ്രൈവർമാർക്ക് 16,250 രൂപയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർക്ക് 19,000 രൂപയുമാണ് ശമ്പളം. സർക്കാരുമായി കരാറുണ്ടാക്കിയ ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ.ഇ.എം.ആർ.ഐ എന്ന കമ്പനിയാണ് ശമ്പളം കൊടുക്കേണ്ടത്. കമ്പനിക്ക് ആറരക്കോടി നല്കിയെന്ന് സർക്കാർ പറയുമ്പോൾ ആവശ്യത്തിന് ഫണ്ടില്ലെന്നാണ് കമ്പനി പറയുന്നത്. അറ്റകുറ്റപ്പണിയുടെ തുക നൽകാത്തതിനാൽ കരാർ നഷ്ടമാണെന്നാണ് ഇവരുടെ വാദം.
''
ഏപ്രിൽ മാസത്തെ ശമ്പളം മേയ് 28നാണ് നൽകിയത്. മേയ് മാസത്തെ ശമ്പളം ഇതുവരെ കൊടുത്തിട്ടുമില്ല. വീട്ടുകാരും തങ്ങളും പട്ടിണിയിലാണ്.
തൊഴിലാളികൾ