കണ്ണൂർ: പലരുടേയും ആയുസിന്റെ പുസ്തകങ്ങളിൽ സ്വർണത്തിൽ ചാലിച്ചെഴുതിയ പേരാണ് ആൽഫ്രണ്ട് സെൽവരാജിന്റേത്. നാട്ടുകാരും സുഹൃത്തുക്കളും മാത്രമല്ല, ഈ ലിസ്റ്റിൽ അജ്ഞാതരുടെ പേരുകളുമുണ്ട്.
കണ്ണൂർ ബർണശേരിക്കാരനായ ആൽഫ്രണ്ടിന് രക്തദാനത്തിന്റെ ജൂബിലി വർഷം കൂടിയാണിത്. പതിനെട്ടാമത്തെ വയസ്സിൽ ഇടവക വികാരിയായിരുന്ന ഫാ. ദേവസി ഈരത്തറ കൈപിടിച്ച് കൊണ്ടുപോയി രക്തം നൽകുമ്പോൾ ഒരു കൗതുകമായിരുന്നു. 25 വർഷത്തിനിപ്പുറം 43ാം വയസിലും രക്തദാനം മുടക്കിയിട്ടില്ല. അറുപതു തവണ ഇതിനകം രക്തം നൽകിയിട്ടുണ്ട് കണ്ണൂർ ഉർസുലിൻ ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ ആൽഫ്രണ്ട്. ഒ പോസിറ്റീവ് ഗ്രൂപ്പുകാരനായ ആൽഫ്രണ്ടിന്റെ നേതൃത്വത്തിൽ രക്തദാതാക്കളുടെ കൂട്ടായ്മയും സജീവമാണ്.
അപകടങ്ങൾ, ശസ്ത്രക്രിയകൾ, രക്താർബുദം എന്നിങ്ങനെ അപകടകരമായ അവസ്ഥകളിലെല്ലാം ചികിത്സയ്ക്ക് രക്തം അനിവാര്യമാണ്. സഹജീവികൾക്ക് നൽകാവുന്ന ഏറ്റവും ശ്രേഷ്ഠമായ ദാനമാണ് രക്തദാനമെന്നത് ആൽഫ്രണ്ടിന്റെ സിദ്ധാന്തം. ഭാര്യയും കന്റോൺമെന്റ് കൗൺസിലറുമായ ദീപയും വിദ്യാർത്ഥികളായ മക്കളും ആൽഫ്രണ്ടിന്റെ ഈ വിശ്വാസ പ്രമാണങ്ങൾക്കും പവിത്രകർമങ്ങൾക്കും പിന്തുണ നൽകുന്നു. സ്ഥിരം സന്നദ്ധ രക്തദാതാക്കൾ അമ്പതോളം വരും. അക്കൂട്ടത്തിൽ സ്ത്രീകളുമുണ്ട്. പൊതുവേ രക്തദാതാക്കളിൽ സ്ത്രീകളുടെ എണ്ണം കുറവായിരിക്കും.
പത്രത്തിൽ കണ്ട പരസ്യമാണ് ജീവകാരുണ്യത്തിന്റെ പുതിയ വഴികളിലേക്ക് ആൽഫ്രണ്ടിനെ കൊണ്ടുപോയത്. തിരുവനന്തപുരത്തെ ഒരു കൊച്ചുകുട്ടിക്ക് കരൾ വേണം. പരസ്യം കണ്ടതോടെ പിടയുന്ന മനസ്സുമായി തിരുവനന്തപുരത്തേക്ക് ആൽഫ്രണ്ട് ട്രെയിൻ കയറി. കരൾ പകുത്തുനൽകാൻ. പക്ഷേ പ്രായക്കൂടുതൽ കാരണം കുഞ്ഞിന് ആൽഫ്രണ്ടിന്റെ കരൾ ചേരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ആൽഫ്രണ്ട് തളർന്നു.
പകുത്ത് നൽകി കരളും
ഒരു യാത്രയിലാണ് അതു സംഭവിച്ചത്. യാത്രക്കിടയിൽ പരിചയപ്പെട്ട എറണാകുളം സ്വദേശിയായ മദ്ധ്യവയസ്‌കന്റെ ബന്ധു ഗുരുതരമായ കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നു. നോൺ ആൽക്കഹോളിക് സിറോസിസ് ആയിരുന്നു വില്ലൻ. തൃപ്പൂണിത്തുറ സ്വദേശിയായ ആ യുവാവിനെ ആൽഫ്രണ്ട് മുമ്പ് ഒരിക്കൽ പോലും കണ്ടിട്ടില്ല. തന്റെ കരളിന്റെ അറുപത് ശതമാനം പകുത്തു നൽകാൻ ആൽഫ്രണ്ട് തയ്യാറായതോടെ ആ യുവാവിന് ജീവിതം തിരിച്ചു കിട്ടുകയായിരുന്നു.
ബൈറ്റ്
പുതിയ തലമുറ രക്തദാനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നവരാണ്. പ്രത്യേകിച്ചും, കോളേജ് വിദ്യാർഥികൾ. സ്‌നേഹവും പരിരക്ഷയും ആവരണമായിട്ടുള്ള വരദാനമാണ് രക്തം. അത് പങ്കുവയ്ക്കൂ -ആൽഫ്രണ്ട് സെൽവരാജ്.