തലശ്ശേരി: ഇതുവരെ സ്വന്തമായി ഒരു കിണറെന്നത് സ്വപ്നമായിരുന്നു ഈസ്റ്റ്പള്ളൂരിലെ സുരേഷിന്റെ കുടുംബത്തിന്. ഏറെ ചിലവുവരുന്നതിനാൽ അങ്ങനെ നീണ്ടുനീണ്ടുപോയി ആഗ്രഹം. ലോക്ക് ഡൗൺ കാലം ഇവരെ വീട്ടിനുള്ളിൽ തളച്ചിട്ടപ്പോൾ ആരെയും ആശ്രയിക്കാതെ വീട്ടുമുറ്റത്ത് സ്വന്തമായൊരു കിണർ കുഴിച്ച് അത്ഭുതം തീർത്തിരിക്കുകയാണ് ഈ കുടുംബം.
കഴിഞ്ഞ കുറച്ചുനാളായി സുരേഷും കുടുംബവും വെയിലിലും മഴയിലും ഈ കിണർ നിർമ്മാണത്തിന്റെ തിരക്കിലായിരുന്നു. മുൻപരിചയമില്ലങ്കിലും ഇച്ഛാശക്തിയോടെ ഓരോ ദിവസവും നിർമാണം തുടർന്നു. പക്ഷെ ആഴം കൂടിയതോടെ ആശങ്കയുമായി. അടിഭാഗം നെല്ലിക്കല്ല് വെച്ച് കെട്ടി ഉയർത്താൻ ചെങ്കല്ലില്ല. പോരാത്തതിന് ഭീഷണിയായി മഴക്കാലവും. ഏറെ പരിശ്രമത്തിനൊടുവിൽ അത്യാവശ്യംവേണ്ട കല്ല് സംഘടിപ്പിച്ച് കിണർ പണിയുമായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുനീങ്ങി.
പതിനഞ്ചടിയോളം താഴ്ച്ചയിൽ നീരുറവ കണ്ടെത്തിയതോടെ കുടുംബത്തിന് ഉത്സാഹമായി. ചെങ്കല്ലുകൾ സുരേഷ് തന്നെ വൃത്തത്തിൽ ചെത്തിയൊരുക്കി ഭംഗിയായി പണി പൂർത്തിയാക്കുകയായിരുന്നു. ആൾമറയും പടവും എല്ലാം തയ്യാറായി. സ്വപ്ന സാക്ഷാത്കാരത്തിനായി കഠിനാധ്വാനം ചെയ്ത സുരേഷിനെയും കുടുംബത്തെയും അഭിനന്ദിക്കുകയാണ് നാട്ടുകാരെല്ലാം.