ambujam
അംബുജം കടമ്പൂർ

കോവിഡ് 19 എന്ന പേരിൽ 19 ചെറുകഥകളുടെ സമാഹാരം വായനാദിനമായ 19ന് പ്രകാശനം ചെയ്യും

കണ്ണൂർ: കൊവിഡ് കാലത്ത് ദുരിതങ്ങളുടെ കാഴ്ചകളിലേക്കാണ് അംബുജം കടമ്പൂർ എന്ന എഴുത്തുകാരി എത്തിനോക്കിയത്. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പൊലീസുകാരുടെയും പറഞ്ഞറിയാക്കാൻ വയ്യാത്ത ദുരിതങ്ങൾ അവർ എഴുതിച്ചേർത്തു. കോവിഡ് 19 എന്ന പേരിൽ 19 ചെറുകഥകളുടെ സമാഹാരം. എല്ലാം കൊവിഡിന്റെ പശ്ചാത്തലത്തിൽ. കൊവിഡിനെ തുരത്താൻ ശ്രമിക്കുന്നവർക്കായി സമർപ്പിക്കുന്ന കഥാസമാഹാരം വായനാദിനമായ 19ന് പ്രകാശനം ചെയ്യും..

മരണവും മൗനവും ജീവിതത്തെ പൊതിഞ്ഞുനിൽക്കുമ്പോൾ സംഭ്രമത്തോടെ കണ്ട കാഴ്ചകളും കേട്ട വാർത്തകളുമാണ് കഥകളായി രൂപാന്തരപ്പെട്ടത്. സമൂഹമനസ്സിൽ രൂപപ്പെടേണ്ട മാനുഷിക മൂല്യങ്ങളെയും പാരസ്പര്യത്തെയും കഥകൾ ഓർമ്മപ്പെടുത്തുന്നു. ലോക്ക്ഡൗൺ തുടങ്ങുന്ന കാലത്താണ് ഈ സമാഹാരത്തിലെ ജീവന്റെ അറ്റം എന്ന കഥ അംബുജം എഴുതിയത്. ജീവനും മരണത്തിനും ഇടയിലെ ഇടുങ്ങിയ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന രോഗികളുടെ ഭയാശങ്കകളും അവരെ രക്ഷിക്കാൻ ഭൂമിയിലെ മാലാഖമാരായി അവതരിച്ച ആരോഗ്യ പ്രവർത്തകരുടെ ആത്മാർപ്പണവും സമൂഹത്തിന്റെ കാവൽക്കാരായ പൊലീസുകാരും എല്ലാ കഥകളിൽ ആവർത്തിക്കപ്പെടുന്നു.

പുറത്തിറങ്ങാൻ പറ്റാത്ത വൃദ്ധരുടെ വിഹ്വലതകളും പോസിറ്റീവും നെഗറ്റീവും മതചിഹ്നങ്ങളാകുന്നതും ആശങ്കയുടെ തുരുത്തുകളിലേക്ക് പലായനം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളും തൊഴിലിടങ്ങളിൽ അന്യരായി തീരുന്ന ഇടത്തരം മനുഷ്യനും എല്ലാം ഈ കഥകളിൽ നമ്മെ നോക്കി പല്ലിളിക്കുന്നു.

കൊവിഡ് കാലത്ത് ദുരിതങ്ങൾ പെയ്യുന്ന ലോകത്ത് വഴിമുട്ടിയ മനുഷ്യാവസ്ഥകളെ ചരിത്രത്തിലേക്ക് ചേർത്തുവയ്ക്കാനുള്ള ശ്രമമാണ് കഥാകാരി നടത്തുന്നത്. ഏതോ അജ്ഞാത ശക്തിയുടെ നിയന്ത്രണത്തിൽ അടച്ചിടപ്പെട്ട ലോകത്തിന്റെ വിലാപങ്ങളും തേങ്ങലുകളും പ്രത്യാശകളും അതിജീവനശ്രമങ്ങളുമെല്ലാം കൊവിഡ് സമാഹാരത്തിൽ വരുന്നുണ്ട്.

ഇതിനകം 15 ഗ്രന്ഥങ്ങൾ പുറത്തിറക്കിയ അംബുജം എടയന്നൂർ ഹൈസ്കൂൾ അദ്ധ്യാപികയാണ്. കതിരൂരിലെ ജി.വി. ബുക്സ് പ്രസാധനം ചെയ്യുന്ന ഈ കഥാസമാഹാരം 19ന് രാവിലെ 9ന് സാഹിത്യകാരി എസ്. ശാരദക്കുട്ടി ഓൺലൈനിലൂടെ പ്രകാശനം ചെയ്യും. വിനോയ് തോമസ്, രാധാകൃഷ്ണൻ പട്ടാന്നൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ബൈറ്റ്...

കൊവിഡ് വൈറസിനെ തുരത്താൻ വിശ്രമമില്ലാതെ പ്രവർക്കുന്നവർക്കുള്ള ആദരം കൂടിയാണ് കോവിഡ് 19 എന്ന കഥാസമാഹാരം. ആധിയാലും വ്യാധിയാലും നിസ്സഹായരായി പോയ മനുഷ്യജീവിതങ്ങളെ ഹൃദയം കൊണ്ട് തൊടാനുള്ള ശ്രമം.

അംബുജം കടമ്പൂർ