കല്യോട്ട് (കാസർകോട്): കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്ത് ദീപു കൃഷ്ണന് (28) ഇന്റർനെറ്റ് കോളിലൂടെ വധഭീഷണിയുണ്ടായ കല്യോട്ട് പ്രദേശം ശക്തമായ പൊലീസ് നിരീക്ഷണത്തിൽ. ഭീഷണിയുണ്ടായ ദീപുവിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. കാസർകോട് ജില്ലാ പൊലീസ് ചീഫ് ഡി.ശില്പ ഇന്ന് കല്യോട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി വിനോദ്, ബേക്കൽ സി.ഐ പി. നാരായണൻ, എസ്.ഐ പി. അജിത്കുമാർ എന്നിവരുടെ സംഘം കല്യോട്ടെത്തി അന്വേഷണം നടത്തി. ദീപുകൃഷ്ണന്റെ വീട്ടിലെത്തിയ പൊലീസ് മൊഴിയെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി.വൈ. എഫ്.ഐ പ്രവർത്തകരും തമ്മിൽ നടന്നുവരുന്ന സോഷ്യൽ മീഡിയകളിലെ 'യുദ്ധ'മാണ് കല്യോട്ട് വീണ്ടും സമാധാന അന്തരീക്ഷം കലുഷിതമാക്കുന്നതെന്നാണ് പൊലീസ് നിഗമനം. കൊലവിളിയും ഭീഷണിയുമാണ് ഈ ഗ്രൂപ്പുകളിലൂടെ നടത്തിവരുന്നത്. നാട്ടിലും വിദേശത്തുമായുള്ളവർ ഈ ഗ്രൂപ്പുകളിൽ സജീവമാണ്.

പി.കെ. കുഞ്ഞനന്തൻ മരിച്ച ദിവസം കല്യോട്ട് കൊലക്കേസ് പ്രതി എ. പീതാംബരന്റെ ഫോട്ടോ വച്ച് ദീപു തന്റെ ഫേസ്ബുക്കിൽ രാവിലെ ഒമ്പതു മണിക്കിട്ട പോസ്റ്റിനുള്ള മറുപടിയായാണ് വൈകീട്ട് കൊലവിളി ഭീഷണിവന്നതെന്നാണ് പറയുന്നത്. കല്യോട്ടും പരിസരത്തും ഇടക്കാലത്ത് ഉണ്ടായ ശാന്തത ഈ സോഷ്യൽ മീഡിയകളിലെ പോരുമൂലം ഇല്ലാതാകുമെന്ന ആശങ്കയിലാണ് പൊലീസ്.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പേരിലുള്ള മൊബൈൽ സിംകാർഡ് ഉപയോഗിച്ച് കൊലവിളി നടത്തുന്നതായ പരാതിയെ തുടർന്ന് ബേക്കൽ പൊലീസ് ഇടപെട്ട് അത് നിർത്തിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ദീപുവിനെ ഒരാൾ ഇന്റർനെറ്റ് കോളിൽ വിളിച്ച് ഭീഷണി മുഴക്കിയത്. തങ്ങളുടെ അടുത്ത ലക്ഷ്യം ദീപു കൃഷ്ണനാണെന്നും ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതി മണ്ഡപത്തിന് പുറമെ മൂന്നാമത്തെ സ്മൃതിമണ്ഡപം കൂടി തയ്യാറാക്കിവെക്കുന്നതാണ് നല്ലതെന്നും വിളിച്ചയാൾ പറഞ്ഞതായി ദീപു ബേക്കൽ സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു. കല്യോട്ട് ഇരട്ടക്കൊലപാതകത്തിന് ശേഷം 2019 ഏപ്രിൽ അഞ്ചിന് രാത്രി ദീപുവിന്റെ കല്യോട്ട് തട്ടുമ്മലിലെ വീടിന് നേരെ ഒരുസംഘം ബോംബെറിഞ്ഞിരുന്നു.