elephant
കാട്ടാനവേട്ട

കണ്ണൂർ: ആനയെയും കാട്ടുപന്നിയെയും തോന്നിയ പോലെ വെടിവച്ചും പടക്കംവച്ചും കൊല്ലാമെന്ന് കരുതേണ്ട. വനംവകുപ്പ് മാത്രമല്ല, മൃഗവേട്ടക്കാരെ പിടികൂടാൻ ഇനി പൊലീസുമുണ്ടാകും. സംഘത്തിൽ ഒരു എസ്‌.പി, രണ്ട്‌ ഡിവൈ.എസ്‌.പി, നാല്‌ ഇൻസ്‌പെക്ടർ, രണ്ട്‌ എസ്.ഐ, രണ്ട്‌ എ.എസ്‌.ഐ, ഏഴ്‌ ഡ്രൈവർ എന്നിവരുമുണ്ടാകും.
പാലക്കാട് കാട്ടിൽ ആനയെ പടക്കം നൽകി കൊന്ന സംഭവത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്. വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ മൃഗവേട്ട വ്യാപകമാണെന്ന് വനംവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. വനത്തിനുള്ളിൽ തന്നെ ക്യാമ്പ് ചെയ്ത് ഒരു സംഘം മൃഗവേട്ടയ്ക്ക് നേതൃത്വം നൽകുകയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

വനംവകുപ്പിന്റെ സഹായത്തോടെയാണ് കേരള പൊലീസ്‌ ക്രൈംബ്രാഞ്ചിനു കീഴിൽ വന്യജീവി വേട്ട തടയാൻ പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. തോക്ക് ധാരികളായ പൊലീസ് ഇനി കാവലുണ്ടാകും കാടിനുള്ളിൽ.

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ് സ്ക്വാഡ് രൂപീകരിക്കുക. കണ്ണൂർ ആസ്ഥാനമായി കണ്ണൂർ, കാസർകോട് ജില്ലയ്ക്കായി ക്രൈംവിംഗ് രൂപീകരിക്കും.

ഹവാല, കള്ളനോട്ട്‌ മാഫിയകൾ കള്ളപ്പണം കടത്താൻ വന്യജീവികളെ ഉപയോഗിക്കുന്നതായുള്ള വൈൽഡ്‌ ലൈഫ്‌ കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ടിനെത്തുടർന്നാണ്‌ നടപടി‌. ഇതിനായി വൈൽഡ്‌ ലൈഫ്‌ നിയമപ്രകാരം പ്രത്യേക വിജ്ഞാപനം ഇറക്കുന്നതിന്‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ട്.

തീവ്രവാദി സംഘടനകളും നിരീക്ഷണത്തിൽ

വന്യജീവികളെ കടത്തുന്നതും ആനവേട്ട തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും പുറമെയാണ്‌ തീവ്രവാദ സംഘടനകൾ പണം കൈമാറ്റത്തിനടക്കം മിണ്ടാപ്രാണികളെ ഉപയോഗിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ കേന്ദ്ര വൈൽഡ്‌ ലൈഫ്‌ ക്രൈം കൺട്രോൾ ബ്യൂറോയാണ്‌ സംസ്ഥാന പൊലീസും വനംവകുപ്പും ചേർന്ന്‌ പദ്ധതി തയ്യാറാക്കാൻ നിർദേശിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന വനംവകുപ്പ്‌–- പൊലീസ്‌ ഉന്നത യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്‌തു.

വൈൽഡ് ലൈഫ് ഡാറ്റാബാങ്ക്

വനവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന സംഘടിതമായ എല്ലാ കുറ്റകൃത്യങ്ങളും ഈ വിഭാഗം അന്വേഷിക്കും.ഇവരെ സഹായിക്കാൻ വനംവകുപ്പിൽനിന്ന്‌ ഒരു അസിസ്റ്റന്റ്‌ വനം കൺസർവേറ്റർ, ഒരു റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർ, ഒരു സെക്‌ഷൻ ഫോറസ്റ്റ്‌ ഓഫീസർ എന്നിവരെ ഡെപ്യൂട്ടേഷനിലും നിയമിക്കും.