പയ്യന്നൂർ: കാലവർഷത്തിന്റെ തുടക്കതോടെ നഗരസഭ പരിധിയിലെ ചില പ്രദേശങ്ങളിലും തൊട്ടടുത്ത പഞ്ചായത്തുകളിലും പകർച്ച വ്യാധികൾ വ്യാപകമാകുന്നു. കണ്ടോത്ത് പങ്ങടം ഗ്രാമത്തിൽ ഇതിനകം നാല് പേർക്കാണ് ഡെങ്കിപ്പനി പിടിപെട്ടത്. ഇവിടെ അസുഖബാധിതരായ നാലുപേരിൽ രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്.

നഗരസഭ മുൻകൈയെടുത്ത് രോഗബാധിത വീടുകളിലും പരിസരങ്ങളിലും ഫോഗിംഗ് നടത്തുകയും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. സി.പി.എം പങ്ങടം ബ്രാഞ്ച് പ്രദേശത്തെ മുഴുവൻ വീടുകളിലും ശുചീകരണ സന്ദേശമെത്തിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർ കെ. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി. നാരായണൻ, എ.വി. രഞ്ജിത്ത്, സി. കരുണാകരൻ, എം. സതീശൻ എന്നിവർ സംബന്ധിച്ചു.

രാമന്തളി ഗ്രാമപഞ്ചായത്തിലെ പല സ്ഥലങ്ങളിലും ഡെങ്കിപ്പനി വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. അധികൃതർ പ്രതിരോധ ബോധവൽക്കരണ നടപടി സ്വീകരിച്ചുവരുന്നുണ്ട്.