തൃക്കരിപ്പൂർ: ആറുകോടിയോളം രൂപ വിലമതിക്കുന്ന വഖഫ് ഭൂമി മുസ്ലിംലീഗ് എം.എൽ.എ അദ്ധ്യക്ഷനായ ട്രസ്റ്റിന് കൈമാറിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജന വിഭാഗം നേതാവായ അഗതി മന്ദിരം വൈസ് പ്രസിഡന്റ് താജുദീൻ ദാരിമി പടന്നയുടെയും മുൻ പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂറിന്റെയും പരാതിയിൽ വഖഫ് ബോർഡ് അന്വേഷണം തുടങ്ങി. മണിയനോടിയിലെ സ്‌കൂളുൾപ്പെടുന്ന 2.3 ഏക്കർ ഭൂമിയും കെട്ടിടവും വിറ്റതായ പരാതിയിലാണ് അന്വേഷണം.

ഈ ഭൂമിയുടെ പ്രമാണം റദ്ദാക്കണമെന്നും നേതൃത്വം നൽകിയ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്കെതിരെ നടപടിയാവശ്യപ്പെട്ടും കോഴിക്കോട് വഖഫ് ട്രൈബ്യൂണലിലും പരാതി നൽകിയിട്ടുണ്ട്.

എം.എൽ.എ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ട്രഷററുമായ കോളേജ് ട്രസ്റ്റിന്റെ പേരിലേക്കാണ് ഭൂമിയും കെട്ടിടവും 30 ലക്ഷം രൂപക്ക് രജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം.1993 ൽ ആണ് ജാമിഅ സഅദിയ്യ ഇസ്ലാമിയ്യ രൂപീകരിച്ചത്. 1997 ൽ വഖഫ് ബോർഡിൽ കമ്മിറ്റി രജിസ്റ്റർ ചെയ്തിരുന്നു. 2005 ൽ ഈ കമ്മിറ്റി ഒൻപത് ആധാര പ്രകാരം 2.3 ഏക്കൽ ഭൂമി വാങ്ങി. 2012 ൽ 16000 ചതു. അടിയിൽ ഇരുനില കെട്ടിടം പണിതു. ഇതിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രവർത്തിച്ചുവരികയായിരുന്നു.

അനാഥ അഗതി മന്ദിരത്തിന്റെ പ്രസിഡന്റ് ഏകപക്ഷീയമായാണ് മറ്റൊരു ട്രസ്റ്റിന് ഭൂമി വിൽക്കാൻ തീരുമാനിച്ചതെന്നും ഇതിനായി കമ്മിറ്റിയോഗം ചേർന്നില്ലെന്നും താജുദീൻ ദാരിമി ആരോപിച്ചു. നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം ചെയ്യണമെങ്കിൽ സംസ്ഥാന വഖഫ് ബോർഡിന്റെ അനുമതി വേണം. പരസ്യ ലേലവും നടത്തണം. ആധാരത്തിൽ യോഗത്തിന്റെ മിനുട്ട്സ് രേഖപ്പെടുത്തിയിട്ടില്ലെന്നും വിൽപന നടത്തിയ 30 ലക്ഷം രൂപയുടെ ചെക്കിന്റെ വിവരം ആധാരത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാർ പറഞ്ഞു. അന്വേഷണം തുടങ്ങിയെന്നും വഖഫ് ഭൂമിയാണെങ്കിൽ തിരിച്ചു പിടിക്കുമെന്നും സംസ്ഥാന വഖഫ് ബോർഡ് ഭാരവാഹികൾ പറഞ്ഞു. അതേസമയം വഖഫ് സ്വത്തല്ലെന്ന ഉത്തമ ബോദ്ധ്യത്തോടെ തന്നെയാണ് അഗതി മന്ദിരം കമ്മിറ്റിയുടെ അനുമതി പ്രകാരം എല്ലാ ഇടപാടുകളും നടന്നിട്ടുള്ളതെന്ന് തൃക്കരിപ്പൂർ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് (ടെക്ട് അധികൃതർ പറഞ്ഞു.

ക്രയവിക്രയം നടത്താനോ പണയപ്പെടുത്താനോ അധികാരമില്ലാത്ത സ്വത്ത് കോഴിക്കോട് രജിസ്റ്റർ ചെയ്ത സ്വകാര്യ ട്രസ്റ്റിന് വേണ്ടി 30 ലക്ഷം രൂപയുടെ നമ്പർ പറയാത്ത ചെക്കിന്റെ ബലത്തിൽ വാങ്ങിക്കാൻ കരാർ ഉണ്ടാക്കി എം.എൽ.എ യെ ആരോ കുഴിയിൽ ചാടിച്ചതാണ്. സ്വത്ത് വീതം വെച്ച് ഓഹരി കണക്കാക്കാൻ കച്ചവട സ്ഥാപനമല്ല വഖഫ് സ്ഥാപനം. രജിസ്റ്റർ ചെയ്ത വഖഫ് സ്വത്ത് തിരികെ നൽകി നാണക്കേടിൽ നിന്ന് തലയൂരുന്നതാണ് നല്ലത്.

അഡ്വ. സി. ഷുക്കൂർ, (ചെയർമാൻ, കിസ്സ സാംസ്‌ക്കാരിക സമന്വയം, കാഞ്ഞങ്ങാട് )