കണ്ണൂർ: കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ ആയിക്കര മത്സ്യ മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും. എല്ലാ ദിവസവും അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് പ്രവർത്തന സമയം. മാർക്കറ്റിലേക്ക് വരുന്ന വലിയ ചരക്ക് വാഹനങ്ങളുടെ വിവരങ്ങൾ, ഡ്രൈവറുടെ പേര്, മൊബൈൽ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. മത്സ്യവുമായി എത്തുന്ന ട്രക്ക് ഡ്രൈവർമാർ പൊതുജനങ്ങളുയായി ഇടപെടാതിരിക്കാൻ ശ്രദ്ധിക്കണം.

മത്സ്യം വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, മത്സ്യം വിൽക്കുന്ന സ്ഥലം എന്നിവ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഒരേ സമയം 50 ആളുകളിൽ കൂടുതൽ പേർ മാർക്കറ്റിൽ പ്രവേശിക്കരുത്. മാർക്കറ്റിനകത്തേക്കും പുറത്തേക്കും കടക്കുന്നതിനായി പ്രത്യേക വഴി ഏർപ്പെടുത്തുകയും എൻട്രി, എക്സിറ്റ് ബോർഡുകൾ സ്ഥാപിക്കുകയും വേണം. മാർക്കറ്റിലെത്തുന്നവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സാഹചര്യം ഉണ്ടായാൽ മാർക്കറ്റ് അടച്ചിടുമെന്നും ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു.