കണ്ണൂർ: ജില്ലയിൽ നാലു പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും രണ്ടു പേർ മുംബൈയിൽ നിന്നും എത്തിയവരാണ്.
കണ്ണൂർ വിമാനത്താവളം വഴി മേയ് 31ന് അൽഐനിൽ നിന്നെത്തിയ മാട്ടൂൽ സ്വദേശി 45കാരൻ, ജൂൺ രണ്ടിന് അബൂദാബിയിൽ നിന്നെത്തിയ രാമന്തളി എട്ടിക്കുളം സ്വദേശി ഒൻപതു വയസ്സുകാരി എന്നിവരും മുംബൈയിൽ നിന്ന് മേയ് 27നെത്തിയ പാനൂർ സ്വദേശി 60കാരൻ, ജൂൺ ഒന്നിനെത്തിയ മാട്ടൂൽ സ്വദേശി 23കാരൻ എന്നിവരുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചവർ. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 299 ആയി. ഇതിൽ 177 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രണ്ടു പേർ ഇന്നലെയാണ് ഡിസ്ചാർജ് ആയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ചൊക്ലി സ്വദേശി 35കാരനും കതിരൂർ സ്വദേശി 55കാരനുമാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിലവിൽ ജില്ലയിൽ 13178 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 10483 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 10095 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 9487 എണ്ണം നെഗറ്റീവാണ്. 388 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.