daily
ചിത്രം :വളപട്ടണം -അഴീക്കൽ റോഡിൽ വീണ്ടും മാലിന്യംനിറഞ്ഞപ്പോൾ

വളപട്ടണം: മാലിന്യപ്പുഴയായി വളപട്ടണം -അഴീക്കൽ റോഡ്. ലോക്ക് ഡൗണിനിടയിലും രാത്രിയുടെ മറവിൽ മാലിന്യം തള്ളി സ്ഥലംവിടുന്നവരാണ് ഈ റോഡിൽ മാലിന്യം നിറച്ചത്. ആറ് മാസം മുമ്പ് വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് മാനേജ്മെന്റ് നടപ്പാക്കിയ പദ്ധതിയാണ് ചിലർ മത്സരിച്ച് പരാജയപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദേശീയ പണിമുടക്ക് ദിവസങ്ങളിൽ വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് മാനേജ്മെന്റും തൊഴിലാളികളും സേവനദിവസമാക്കിയാണ് ഇവിടം ശുചീകരിച്ചത്. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് മാനേജിംഗ് ഡയറക്ടർ പി.കെ. മായൻ മുഹമ്മദിന്റെ പ്രത്യേക നിർദ്ദേശപ്രകാരവും പ്ലൈവുഡ്‌സിലെ തൊഴിലാളികൾ ക്ലീനിംഗ് വിഭാഗം ജീവനക്കാരെ നിരത്തി ദുർഗന്ധം വമിക്കുന്ന അറവു മാലിന്യങ്ങളടക്കമാണ് നീക്കിയത്.

വലിയൊരു പ്രയത്നത്തിലൂടെ ശുചീകരിച്ച പ്രദേശം വീണ്ടും മാലിന്യക്കുപ്പയാക്കുന്നതിൽ ദുഃഖമുണ്ടെന്ന് അന്ന് പ്രവൃത്തിക്ക് നേതൃത്വം നൽകിയ എളയടത്ത് അഷ്റഫും പഞ്ചായത്ത് അംഗം സി.ഹനീഫയും വി.വി.സജീവനും വ്യക്തമാക്കി. മറ്റു പ്രദേശങ്ങളിൽനിന്നും മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്നു തള്ളുന്നത് അടക്കം തടയുന്നതിന് പ്ലൈവുഡ്‌സ് മാനേജ്മെന്റ് സെക്യൂരിറ്റിയെ സ്വന്തം ചെലവിൽ ഇവിടെ ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇതിനൊരു പരിഹാരം എന്നനിലയിൽ പഞ്ചായത്ത് ഈ ഭാഗത്ത് ഉയരത്തിൽ കമ്പിവേലി കെട്ടിയതിനെ തുടർന്ന് സെക്യൂരിറ്റിയെ പിൻവലിക്കുകയായിരുന്നു.

കാമറ സ്ഥാപിച്ചപ്പോൾ എതിർപ്പ്

മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ സാമൂഹ്യപ്രവർത്തകരുടെ അഭ്യർത്ഥനയെ തുടർന്ന് പ്ളൈവുഡ് മാനേജ്മെന്റ് കാമറ സ്ഥാപിച്ചപ്പോൾ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. കാമറ സ്ഥാപിച്ചത് കണ്ടൽകാട് നശിപ്പിച്ചാണെന്നാരോപിച്ച് ഇവർ നൽകിയ പരാതിയെ തുടർന്ന് പലതരത്തിലുള്ള അന്വേഷണങ്ങൾക്ക് പ്ളൈവുഡ്സ് മാനേജ്മെന്റ് വിധേയരാകേണ്ടിവന്നു. ഇതിന് ശേഷം മാലിന്യവിഷയത്തിൽ കമ്പനി ഇടപെടൽ നടത്തിയിരുന്നില്ല. ഈ കാമറ ഇപ്പോഴും സജ്ജമാണ്. പഞ്ചായത്ത് അധികൃതരുടെ അഭ്യർത്ഥനപ്രകാരം കഴിഞ്ഞ ദിവസം സ്കൂട്ടറിൽ മാലിന്യം കൊണ്ടുതള്ളുന്നതിന്റെ ദൃശ്യം കമ്പനി കൈമാറിയിരുന്നു.